
ഇടുക്കി: കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് ഏറെ നാള്‍ കര്‍ശന നിയന്ത്രങ്ങള്‍ക്ക് വിധേയമായ മൂന്നാര്‍ ടൗണ്‍ വീണ്ടും നിയന്ത്രങ്ങളോടെ സാധാരണ നിലയിലേക്ക്. അത്യാവശ്യ സേവനങ്ങള്‍ക്കുമാത്രം അനുമതി നല്‍കിയിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കി.
മൊത്തവ്യാപാരം മാത്രം അനുവദിച്ചിരുന്ന പച്ചക്കറി മാര്‍ക്കറ്റും ഇന്നു മുതല്‍ വീണ്ടും പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കി. സ്വകാര്യ വാഹനങ്ങള്‍ക്കും കര്‍ശന ഉപാധികളോടെ യാത്ര അനുവദിക്കും. രണ്ട് യാത്രക്കാരുമായി ഓട്ടോകള്‍ ഓടാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകള്‍ക്കും ചായക്കടകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങളള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാം. നിയന്ത്രങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്തംഭിച്ചിരുന്ന മൂന്നാര്‍, നീണ്ട 41 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സജീവമായിത്തുടങ്ങിയിട്ടുള്ളത്.
അഞ്ചുമണി വരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തികുവാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണങ്ങള്‍ കര്‍ശനമായി തുടരുവാന്‍ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. വീടുകളിലും ഐസലോഷന്‍ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള നിരീക്ഷണങ്ങള്‍ തുടരും.
തമിഴ്നാട്ടില്‍ നിന്ന് കാനനപാതയിലൂടെ മൂന്നാറില്‍ ആളുകള്‍ എത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഏപ്രില്‍ 9 ന് ഏഴു ദിവസത്തേക്ക് മൂന്നാര്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു. ഭീഷണി സമ്പൂര്‍ണ്ണമായി ഒഴിയാത്തതിനെ തുടര്‍ന്ന് ഏഴു ദിവസത്തെ നിയന്ത്രണം 11 ദിവസമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്നും ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കാണ് ഇപ്പോള്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam