മുവാറ്റുപുഴ കാളിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ ശ്രദ്ധ ഒഴുക്കിൽപ്പെട്ട് കയത്തിലേക്ക് വീഴുകയായിരുന്നു

കൊച്ചി: മുവാറ്റുപുഴ പോത്താനിക്കാട് സഹപ്രവർത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥ മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു. തൃശ്ശൂർ അഷ്ടമിച്ചിറ കിഴക്കിനൂട്ട് വീട്ടിൽ സി.എം ശ്രദ്ധ (28) ആണ് മരിച്ചത്. കുഴിക്കാട്ടുശ്ശേരി കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ് ശ്രദ്ധ. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കാവക്കാട് റിസോർടിൽ വെളളിയാഴ്ചയാണ് ആറംഗ സംഘം താമസിക്കാനെത്തിയത്. മൂന്ന് കുട്ടികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. മുവാറ്റുപുഴ കാളിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ ശ്രദ്ധ ഒഴുക്കിൽപ്പെട്ട് കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ ഇറങ്ങി ശ്രദ്ധയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടനെ പോത്താനിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. എറണാകുളം റെയിൽവെ ഉദ്യോഗസ്ഥനായ കെ.എ ജിഷ്ണുവാണ് ഭർത്താവ്. മകൻ: ദേവദത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം