
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നില നിൽക്കുന്നത്. ഡോക്ടർമാർ അനുവദിച്ചാൽ
അഫാന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഫാൻ മുണ്ടുപയോഗിച്ച് ശുചിമുറിയിൽ
തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ. രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിലാണ് ഒരു തടവുകാരനൊപ്പം അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു തടവുകാരനെ കൂടി പാർപ്പിച്ചിരുന്നത്. രാവിലെ 11.30യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോണ്‍ വിളിക്കാനായി പോയി. മറ്റ് തടവുകാര്‍ വരാന്തയിൽ ടിവി കാണാൻ ഇറങ്ങി. ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്.
അലക്കി ഉണക്കാൻ ഇട്ടിരുന്ന മുണ്ടുപയോഗിച്ചാണ് അഫാൻ കഴുത്തിൽ കുരുക്കിട്ടത്. ഞെരക്കം കേട്ട് ജയിൽ ഉദ്യോഗസ്ഥൻ ശുചിമുറിയിലേക്ക് പോയി തൂങ്ങിനിന്ന അഫാനെ പൊക്കിയ ശേഷം മറ്റ് തടവുകാരെ വിളിച്ചു. തടവുകാരും ജയിൽ ഉദ്യോഗസ്ഥനും ചേര്‍ന്ന് കഴുത്തിലെ കെട്ടഴിച്ച് നിലത്ത് കിടത്തി അഫാന് പ്രാഥമിക ശുശ്രൂഷ നൽകി. ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയന്ന് പറയാനാകൂവെന്ന് ഡോക്ടർമാർ ജയിൽ അധികൃതരെ അറിയിച്ചു. മൊഴിരേഖപ്പെടുത്തണമെന്ന് പൊലിസിന്‍റെ ആവശ്യം ഇന്നലെ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല.
സഹോദരനെും കാമുകിയെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ കൊലപ്പെടുത്തിയ ശേഷം മദ്യത്തിൽ വിഷം കലർത്തി കഴിച്ച ശേഷമാണ് അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാന്‍റെ ജീവൻ രക്ഷപ്പെട്ടു. റിമാൻഡിൽ കഴിയുമ്പോള്‍ ജയിലിൽ കൗണ്‍സിംഗ് നൽകിയിരുന്നു. ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്നായിരുന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അഫാനെ കാണാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ജയിൽ വന്നിരുന്നില്ല. ആരോടും അധികം സംസാരിക്കാതെ കൂടുതൽ സമയവും സെല്ലിനുള്ളിൽ ചെലവാക്കുകയായിരുന്ന പ്രതി. രണ്ടു ദിവസം മുമ്പാണ് അച്ഛന്‍റെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് കുറ്റപത്രം നൽകിയത്.
ആർഭാട ജീവിതം നയിക്കാനായി കടം വാങ്ങി ധൂർത്തടിച്ചിരുന്ന അഫാനെ ബന്ധുക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. വിദേശത്തുള്ള അച്ഛന്‍റെ ജോലി കൂടി നഷ്ടമായതോടെ അഫാൻ കൂടുതൽ കടം വാങ്ങി. കടക്കാർ വീട്ടിൽ കയറിയതോടെ ബന്ധുക്കളോട് പണം ചോദിച്ചു. പണം നൽകാൻ ബന്ധുക്കള്‍ മടിച്ചതോടെ അവരെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ആദ്യം അച്ഛന്‍റെ അമ്മയെ കൊലപ്പെടുത്തി. കൊലക്കുവേണ്ടി മാത്രം ചുറ്റിക വാങ്ങി. ഓരോരുത്തരെയും തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യം സ്വന്തം അമ്മയെ തടിക്കടിച്ച് വീഴ്ചത്തിയ ശേഷം അച്ഛന്‍റെ അമ്മ താസമിക്കുന്ന വീട്ടിലെത്തി കൊന്നു, അച്ഛന്‍റെ സഹോദരനെയും ഭാര്യയും തലക്കടിച്ചു കൊന്നു. പിന്നീട് കാമുകിയേയും സ്വന്തം സഹോദരനേയും കൊലപ്പെടുത്തി.
അമ്മ മരിച്ചില്ലെന്ന് മനസാക്കിയപ്പോള്‍ വീണ്ടും തല ഭിത്തിയിടിപ്പിച്ചു. വിഷം മദ്യത്തിൽ കലർത്തി കഴിച്ച് ഒരു കൂസമില്ലാതെ ഓട്ടോയിൽ കയറി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതം നടത്തി. പണം നൽകാൻ മടിച്ച തട്ടത്തുമലയിലെ മറ്റ് രണ്ട് ബന്ധുക്കളെയും അഫാൻ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നു. മദ്യലഹരിയിൽ ബൈക്ക് എടുക്കാൻ കഴിയാത്തതിനാൽ അവിടേക്ക് പോകാൻ കഴിഞ്ഞില്ല. മൃതപ്രായയാ അമ്മക്കു മാത്രമാണ് ഒടുവിൽ ജീവൻ തിരികെ കിട്ടിയത്.
ഇന്നും വെഞ്ഞാറമൂടുകാർ നാടിനെ നടുക്കിയ കൂട്ടകൊലയുടെ ഞെട്ടലിൽ നിന്നും വിട്ടുമാറിയിട്ടില്ല. ആദ്യ കുറ്റപത്രം സമർപ്പിച്ച് എത്രയും വേഗം വിചാരണയിലേക്ക് പോകാനാരിക്കെയാണ് അഫാൻ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചത്. മറ്റ് കൊലക്കേസുകളിൽ ഒരാഴ്ചക്കകം മറ്റ് കുറ്റപത്രങ്ങള്‍ സമർപ്പിക്കും. അതേ സമയം അഫാന്‍റെ ആത്മഹത്യശ്രമത്തിൽ ജയിൽ ഉദ്യോഗസ്ഥർകക്ക് വീഴ്ച വന്നിട്ടില്ലെന്നാണ് പൂജപ്പുര ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam