
ആലപ്പുഴ: വെള്ളിയാഴ്ച വീശി അടിച്ച ചുഴലിക്കാറ്റില്‍ ആലപ്പുഴയിലെ ചില പ്രദേശങ്ങള്‍ രണ്ടുദിവസമായി ഇരുട്ടില്‍. തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, മണപ്പുറം, തേവർവട്ടം, നഗരി, പൈനുങ്കൽ, ചിറക്കൽ, എലിക്കാട്,പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ് വീശിയത്.
വൃക്ഷങ്ങൾ വൈദ്യുതി കമ്പികളിലേക്ക് വീണതിനെ തുടർന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. നഗരി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന വൻവൃക്ഷം കടപുഴകി 11 കെവി ലൈനിലും ട്രാൻസ്ഫോർമറിലും വീണു. വൈദ്യുതി തകരാർ പരിഹരിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചത്.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാൽ പ്രദേശം ഇരുട്ടിലാണ്. വൃക്ഷങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റുന്ന തിരക്കിലാണ് വൈദ്യുതി ജീവനക്കാർ. പൂച്ചാക്കൽ നിന്നും വടക്കോട്ടള്ള ഭാഗത്ത് വൈദ്യുതി വിതരണം ഉടനെ പുനസ്ഥാപിക്കാനാകുമെന്നാണ് ജീവനക്കാർ അറിയിച്ചത്.
ചുഴലിക്കാറ്റില്‍ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. വൃക്ഷങ്ങൾ കടപുഴകി വീണാണ് വീടുകൾ തകർന്നത്. പ്രദേശത്തെ റോഡില്‍ വൃക്ഷങ്ങൾ കടപഴകി വീണതിനെ തുടർന്ന് ഗതാഗതവും സ്തംഭിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam