
ഹരിപ്പാട്: ചന്തിരൂരിലെ ഗർഡർ അപകടത്തെ തുടർന്ന് രാജേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പള്ളിപ്പാട് ദേശം. ഏറെ വൈകിയാലും രാത്രി വീട്ടിലെത്തുന്ന രാജേഷിനെ കാത്തിരുന്ന വീട്ടുകാർക്ക് ഇന്ന് രാവിലെ കേൾക്കേണ്ടി വന്നത് സങ്കട വാർത്തയാണ്. രാത്രി 10 മണിയോടെ മകനെ ഫോണിൽ വിളിച്ചതാണെന്ന് രാജേഷിന്റെ അച്ഛൻ രാജപ്പൻ പറഞ്ഞു. തമിഴ്‌നാട് അംബാസമുദ്രത്തിലേക്ക് മുട്ടയെടുക്കാൻ ചൊവ്വാഴ്ചയാണ് രാജേഷ് വീട്ടിൽ നിന്ന് പോയത്. യാത്രയ്ക്കിടെ പലപ്രാവശ്യം വീട്ടുകാർ ഫോണിൽ വിളിച്ച് സംസാരിച്ചു. ഏറ്റവും ഒടുവിൽ രാത്രി പത്തുമണിയോടെ ഫോണിൽ വിളിച്ചപ്പോൾ അങ്കമാലി എത്തിയെന്നാണ് പറഞ്ഞതെന്നും രാജപ്പൻ വിതുമ്പി. പിന്നീട് രാത്രി പതിനൊന്നിന് വിളിച്ചപ്പോൾ കിട്ടിയില്ല.
രാവും പകലുമില്ലാതെ കുടുംബത്തിനുവേണ്ടി അധ്വാനിക്കുകയായിരുന്നു രാജേഷ്. സ്വന്തമായി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. കൂടാതെ പിക്കപ്പ് വാൻ ഉൾപ്പെടെ ഓടിക്കാനും പോകും. വാർക്കപ്പണിയും ചെയ്യും. ആറു വർഷം മുൻപാണ് വീട് വച്ചത്. മക്കളുടെ പഠനത്തിനു വേണ്ടിയായിരുന്നു രാജേഷിന്റെ കഷ്ടപ്പാട്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ വെൽഡിങ് ചെയ്യുമ്പോൾ തീപ്പൊരി വാഹനത്തിന്റെ മുകളിൽ വീണതായും, രാജേഷിന്റെ വാഹനത്തിനു മുൻപിലാണ് താൻ വാഹനം ഓടിച്ചു വന്നതെന്നും രാജേഷിന്റെ സുഹൃത്തും പള്ളിപ്പാട് സ്വദേശിയുമായ ഷാജി പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് രാജേഷിന്റേത്. ഭാര്യ ഷൈലജ. എം എസ് എം കോളജിൽ പഠിക്കുന്ന വിഷ്ണുവും പ്ലസ് വണ്ണിന് പഠിക്കുന്ന കൃഷ്ണവേണിയുമാണ് മക്കൾ. ഇന്ന് വൈകുന്നേരം ആറരയോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ടുമണിക്ക് സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam