നിഷയുടെ ഫോൺവിളിയെച്ചൊല്ലി എന്നും വഴക്ക്, കൈപിടിച്ച് തിരിച്ചപ്പോൾ നിയന്ത്രണം വിട്ടു, കത്തിയെടുത്ത് കുത്തി 

Published : Jul 16, 2023, 12:04 PM ISTUpdated : Jul 16, 2023, 12:07 PM IST
നിഷയുടെ ഫോൺവിളിയെച്ചൊല്ലി എന്നും വഴക്ക്, കൈപിടിച്ച് തിരിച്ചപ്പോൾ നിയന്ത്രണം വിട്ടു, കത്തിയെടുത്ത് കുത്തി 

Synopsis

പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിച്ചു. 

തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിനോദും ഭാര്യ നിഷയും പതിവായി വഴക്കിടാറുണ്ടെന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയാണ് നിഷ. നിഷയുടെ ഫോൺ വിളിയെച്ചൊല്ലി ഭർത്താവ് വിനോദുമായി എന്നും പ്രശ്നമുണ്ടായിരുന്നു. വിനോദ് കൊല്ലപ്പെട്ട ദിവസവും നിഷയുടെ ഫോൺവിളിയെച്ചൊല്ലി തർക്കമുണ്ടായി. കൂലിപ്പണിക്കാരനായ വിനോദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിഷ ഫോൺവിളിച്ച് നിൽക്കുകയായിരുന്നു. ഇത് വിനോദ് ചോദ്യം ചെയ്തു.

ഫോണിനായി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഫോൺ ആവശ്യപ്പെട്ട വിനോദിന് നിഷ ഫോൺ നൽകിയില്ല. ബലപ്രയോ​ഗത്തിലൂടെ നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ നിഷയുടെ കൈപിടിച്ച് തിരിച്ചതിനാൽ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തി. 

നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലേക്ക് ഇരുന്നു.  നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ വിനോദിന് ആന്തരീക രക്തസ്രാവമുണ്ടായത് അപകടം ​ഗുരുതരമാക്കി. ഈ സമയം, വിനോദിന്റെ മാതാവ് വീട്ടിലെത്തിയപ്പോൾ വിനോദിന് പരിക്കേറ്റത് നിഷ വിദ​ഗ്ധമായി മറച്ചുവെച്ചു. ഒടുവിൽ രക്ത സ്രാവം നിലക്കാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ വിനോദ് മരിച്ചു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിച്ചു. 

Read More.... നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നിഷ കുറ്റം സമ്മതിച്ചു, കുത്തിയ കത്തി ഒളിപ്പിച്ചു; ഭർത്താവിനെ കൊന്നത് ഭാര്യ തന്നെ

തെളിവ് നശിപ്പിക്കാനും നിഷ ശ്രമിച്ചു. വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ സൂത്രത്തിൽ വീട്ടിലെത്തി കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ ആദ്യമൊക്കെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന ഇവർ ഒടുവിൽ നടന്ന സംഭവങ്ങൾ ഏറ്റുപറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാൻ കാരണമെന്ന് നിഷ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു