
അമ്പലപ്പുഴ: ജെല്ലിക്കെട്ട് സിനിമയ്ക്ക് സമാനമായ കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം പുന്നപ്രക്കാര്‍ സാക്ഷിയായത്. നാടിനെ വിറപ്പിച്ച് വിരണ്ടോടിയ എരുമയെ കീഴടക്കിയത് അതിസാഹസികമായി. കഴിഞ്ഞ ദിവസം രാവിലെ വിരണ്ടോടിയ എരുമയെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് പിടിച്ച്കെട്ടാനായത്.ആലപ്പുഴ പുന്നപ്ര അറവുകാട് ഭാഗത്ത് നിന്നാണ് എരുമ ഓട്ടം തുടങ്ങിയത്.
അറവുകാട് ക്ഷേത്രത്തിനുസമീപം പൂക്കള്‍ വില്‍ക്കുന്ന കുന്നേല്‍വെളി മണിയന്റെ ഭാര്യ ഉഷയ്ക്ക് എരുമയുടെ പരക്കം പാച്ചിലിനിടയില്‍ പരിക്കേറ്റു. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. ഭാഗ്യക്കുറി വില്‍പനക്കാരനായ ഹരിജന്‍കോളനിയില്‍ പുരുഷനും എരുമയുടെ ആക്രമണത്തില്‍ പരിക്കുണ്ട്. ഇയാളെ രണ്ട് കാലിനും പരിക്കേറ്റ നിലയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അറവുകാട് ക്ഷേത്രത്തിന് കിഴക്കുള്ള കടക്കോടിപ്പറമ്പ് രാജേന്ദ്രന്റെ വീട്ടുമുറ്റത്ത് എരുമ എത്തിയെങ്കിലും സമയോചിതമായ വീട്ടുകാരുടെ ഇടപെടലിനേ തുടര്‍ന്ന് ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ ഇവരുടെ വീടിന്‍റെ ജനല്‍ എരുമ കുത്തിപ്പൊട്ടിച്ചു. കപ്പക്കട പത്തില്‍ പാലത്തിന് കിഴക്കുള്ള തുറസ്സായ പറമ്പിലെത്തിയ എരുമ അവിടെയും പരാക്രമംതുടര്‍ന്നു.
പഞ്ചായത്ത് അധികൃതരും പുന്നപ്ര പോലീസും മൃഗഡോക്ടറും സ്ഥലത്തെത്തി മയക്കുവെടിവച്ച് എരുമയെ കീഴടക്കാന്‍ ആലോചിച്ചെങ്കിലും നടന്നില്ല. പിന്നീട് പോലീസിന്റെയും പഞ്ചായത്തിന്റെയും ജീപ്പുകള്‍ വട്ടമിട്ടശേഷം തടിച്ചുകൂടിയവര്‍ കുരുക്കിട്ട് എരുമയെ കീഴടക്കുകയായിരുന്നു. എരുമയെ അന്വേഷിച്ച് ഉടമകളാരും എത്തിയില്ലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവര്‍ പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam