
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് ഇത് സംബന്ധിച്ച് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. ഓട്ടോ ഡ്രൈവറായ യുവാവിന്‍റെ സ്വിഫ്റ്റ് കാറാണ് നഷ്ടപ്പെട്ടത്.
ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പത്തനംതിട്ട സ്വദേശിയെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്. തുടർന്ന് പരാതിക്കാരന്‍റെ ഫോണിലേക്ക് ജോയൽ എന്ന പേരിൽ വിളി വന്നു. ഒരു ദിവസത്തേക്ക് കാർ ഓട്ടത്തിന് നൽകണമെന്നും പിറ്റേദിവസം കാർ തിരികെ നൽകാമെന്നും പറഞ്ഞു. പ്രതി ഗൂഗിൽ പേ വഴി യുവാവിന് രണ്ട് ഘട്ടമായി 3500 രൂപ നൽകി. കാർ തിരികെ നൽകുമ്പോൾ, പണം മടക്കി നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥയെന്ന് 29കാരനായ യുവാവ് പരാതിയിൽ പറയുന്നു.
ഒരു ദിവസം കഴിഞ്ഞിട്ടും കാർ കിട്ടാത്തതിനെ തുടർന്ന് പ്രതിയെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ വ്യാഴാഴ്ച യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സി സി ടിവി ദ്യശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam