
തിരുവനന്തപുരം: 1000 ദിവസം കൊണ്ട് വിഴിഞ്ഞം തുറമുഖത്ത് കപ്പൽ അടുപ്പിക്കുമെന്ന അദാനിയുടെ വാക്ക് നിറവേറാൻ ഇനിയും കാത്തിരിക്കണം. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 998 ദിവസങ്ങൾ പിന്നിടുമ്പോൾ കരാർ അനുസരിച്ച് ആദ്യഘട്ട പൂർത്തീകരണം നടക്കില്ലെന്ന് അദാനി ഗ്രൂപ്പ്. കാലാവധി നീട്ടി നൽകാൻ സർക്കാരിനെ സമീപിച്ചു.
കാലവർഷവും ഓഖിയും എത്തിയതോടെ തുറമുഖ നിർമ്മാണപ്രവർത്തികൾ മന്ദീഭവിച്ചു. ഒപ്പം കരിങ്കൽ ലഭ്യത കുറഞ്ഞതോടെ ആയിരം ദിനം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന കരാറുകാരുടെ വാക്ക് പാഴ് വാക്കായി. സെപ്തംബർ ഒന്നിന് ആയിരം ദിനങ്ങൾ തികയും. 2015 ഡിസംബർ 5 നായിരുന്നു വിഴിഞ്ഞത്തെ തുറമുഖ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ആയിരം ദിനം കൊണ്ട് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് അന്ന് പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ഘട്ടങ്ങളായാണ് തുറമുഖ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ടെർമിനൽ നിർമ്മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളും നടപ്പാക്കും. രണ്ടാം ഘട്ടത്തിൽ എഴുന്നുറോളം മീറ്റർ തുറമുഖത്തിന്‍റെ വികാസം വർധിപ്പിക്കലാണ്. മൂന്നാം ഘട്ടത്തിൽ ഹാർബർ ഏരിയ വികസന പദ്ധതികൾ, ബ്രേക്ക് വാട്ടർ നിർമാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയായിരുന്നു തുറമുഖ നിർമ്മാണ പദ്ധതിക്ക് രൂപം നല്‍കിയത്.
ആദ്യഘട്ടം 2015-19 ലും രണ്ടാം ഘട്ടം 2024-27 ലും മൂന്നാം ഘട്ടം 2034-37 ലുമായാണ് നടപ്പിലാക്കുന്നത്. കണ്ടെയ്നർ യാർഡ്, കാർഗോ നിയന്ത്രണ ഉപകരണങ്ങൾ, തുറമുഖ തൊഴിൽ, നാവിക സേനാ സന്നാഹം, വർക്ക്ഷോപ്പുകൾ, അഗ്നിശമനാ സേന ഓഫീസ്, ജല, വൈദ്യുത സംവിധാനങ്ങൾ, റോഡ്, റെയിൽവേ എന്നിവയുടെ നിർമ്മാണം, തൊഴിലാളികളുടെ താമസസ്ഥലം, ജലസംരക്ഷണ പദ്ധതികൾ, പരിസര മലിനീകരണ നിയന്ത്രണ മാർഗ്ഗങ്ങൾ, ചരക്ക് നീക്കത്തിനുള്ള വേ ബ്രിഡ്ജുകൾ തുടങ്ങിയ നടക്കുന്നുണ്ട്.
പദ്ധതി നിർവഹണത്തിന് വേഗത കൂട്ടുന്നതിനായി തിരുവനന്തപുരം കൂടാതെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളിൽ നിന്നും കരിങ്കല്ലുകൾ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ക്വാറികൾക്കുള്ള എൻ ഒ സി ലഭിച്ചതായി അധികൃതർ പറഞ്ഞു. കരിങ്കല്ല് ഇല്ലാത്തതിനാൽ പുലിമുട്ട് നിർമ്മാണം നിലച്ചിരിക്കുകയാണ് എന്നാൽ അനുബന്ധ ജോലികൾ നടക്കുന്നു.
ബർത്ത് നിർമ്മാണത്തോടനുബന്ധിച്ച പൈലിംഗ് ജോലികളും വേഗത്തിലാണ്. ബർത്ത് നിർമാണത്തിന്‍റെ പൈലിംഗ് ജോലികൾ പകുതിയിലധികം പൂർത്തിയായി. കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും മുതലപ്പൊഴിയിൽ എത്തിക്കുന്ന കല്ല് ബാർജ് വഴി വിഴിഞ്ഞത്ത് എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. വൈദ്യുത സബ് സ്റ്റേഷൻ നിർമ്മാണ പ്രവർത്തികൾ നടക്കുന്നു. റെയിൽ പാത നിർമ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചതായി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam