
തിരുവനന്തപുരം: വിഴിഞ്ഞത്ത് മോഷണ ശ്രമം തടഞ്ഞ തട്ടുകട ഉടമക്ക് വെട്ടേറ്റു. പുലർച്ചെ വിഴിഞ്ഞം മുക്കോലയിലായിരുന്നു സംഭവം. കിടാരക്കുഴി മണിമംഗലത്ത് സന്തോഷ് കുമാറിനാണ് ഇടതു കണ്ണിന് താഴെ വെട്ടേറ്റത്. സംഭവത്തിൽ ഉച്ചക്കട പുലിയൂർക്കോണം നെല്ലിപ്പറമ്പ് തേരിവിള പുത്തൻ വീട്ടിൽ മുഹമ്മദ് കൈഫ് (24) നെ വിഴിഞ്ഞം പൊലീസ് പിടികൂടി. സന്തോഷ് കുമാർ രാവിലെ കട തുറക്കാനെത്തിയപ്പോൾ സമീപം പതുങ്ങി നിന്ന ആളെ കണ്ട് അടുത്തേക്ക് വന്നപ്പോൾ ഇയാൾ കയ്യിൽ കരുതിയിരുന്ന വെട്ടു കത്തിയെടുത്ത് സന്തോഷിനെ വെട്ടുകയായിരുന്നു.
കഴുത്തിന് നേരെയാണ് വെട്ടിയതെങ്കിലും ഒഴിഞ്ഞു മാറുന്നതിനിടെ മുഖത്ത് പരുക്കേൽക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തിനിടെ പ്രതിയുടെ മൊബൈൽ ഫോണും വെട്ടുകത്തിയും തറയിൽ വീണു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. സി സി ടി വിയുൾപ്പെടെ ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിന് മുമ്പ് മുക്കോലയിലെ ബാറിന് മുന്നിൽ ഓടയിൽ വീണ് പ്രതിക്ക് തലയ്ക്കും കൈയ്ക്കും പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച് ഇയാൾക്ക് ചികിത്സ നൽകി. രാവിലെ തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.