
പാലക്കാട്: മണ്ണാർകാട് എം എൽ എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. ഷംസുദ്ദീന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, അദ്ദേഹം മന്ത്രിയാകട്ടെയന്നും ആശംസിച്ചു. പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ മണ്ണാർക്കാട് മണ്ഡലം വലിയ നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് എസ് എസ് എൽ സി ഫലമടക്കം ചൂണ്ടികാട്ടി വി കെ ശ്രീകണ്ഠൻ പറഞ്ഞു. ഇതിന് പിന്നിൽ എം എൽ എ ഷംസുദ്ദീന്‍റെ കൂടി പ്രവർത്തനങ്ങളുടെ ഫലമുണ്ടെന്നാണ് പാലക്കാട് എം പി പറഞ്ഞത്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലം മുതലേ മണ്ഡലത്തിലെ വിദ്യാഭ്യാസ വികസനത്തിനായി എം എൽ എ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്. വിദ്യഭ്യാസ കാര്യത്തിൽ മണ്ഡലം മുന്നിലെത്താനായി ഷംസുദ്ദീൻ നിരന്തരം പരിശ്രമിക്കാറുണ്ട്.
വിദ്യഭ്യാസത്തിന്‍റെ വിലയും വ്യാപ്തിയും നന്നായി അറിഞ്ഞ് പ്രവർത്തിക്കുന്ന എം എൽ എയാണ് ഷംസുദ്ദീനെന്നും വി കെ ശ്രീകണ്ഠൻ എം പി കൂട്ടിച്ചേർത്തു. വിദ്യഭ്യാസ കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിച്ച എം എൽ എയും മറ്റാരുമല്ലെന്ന് ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തി വെറും എം എൽ എ ആയാൽ പോരെന്നും അടുത്ത തവണ ജയിച്ചാൽ മന്ത്രിയാകണമെന്നുമാണ് ശ്രീകണ്ഠൻ പറഞ്ഞുവച്ചത്. വെറും മന്ത്രിയായാൽ പോര, വിദ്യഭ്യാസ മന്ത്രി തന്നെ ആകട്ടെയെന്നും പാലക്കാട് എം പി ആശംസിച്ചു. ഷംസുദ്ദീൻ വിദ്യാഭ്യാസ മന്ത്രിയായാൽ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ ഒന്നാം നമ്പർ ജില്ലയായി പാലക്കാട് മാറുമെന്നതിൽ സംശയമില്ലെന്നും വി കെ ശ്രീകണ്ഠൻ വിവരിച്ചു. ഫ്ലെയിം എഡ്യു കോൺക്ലേവിലായിരുന്നു പാലക്കാട് എം പി ഇക്കാര്യങ്ങൾ പറഞ്ഞത്.