
സുല്‍ത്താന്‍ബത്തേരി: വിദഗ്ധരായ വോളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് നീലഗിരി വനമേഖലയിലെ കഴുകന്‍മാരുടെ കണക്കെടുപ്പ് നടത്തുന്നത്. ദക്ഷിണേന്ത്യയില്‍ മുതുമല സത്യമംഗലം മുത്തങ്ങ ബന്ദിപ്പൂര്‍ നാഗര്‍ഹോള തുടങ്ങിയ പ്രദേശങ്ങളില്‍ പോയ വര്‍ഷങ്ങളില്‍ നടത്തിയ കണക്കെടുപ്പില്‍ നൂറില്‍ താഴെ മാത്രം കഴുകന്മാരെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
വൈറ്റ് റബ്ഡ് വള്‍ച്ചര്‍, കിങ് വള്‍ച്ചര്‍, ലോങ് ബില്‍ഡ് വള്‍ച്ചര്‍ തുടങ്ങിയ ഇനങ്ങളാണ് ഈ പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ കഴുകന്മാരുടെ പ്രചനന കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഇടമാണ് മുതുമല ടൈഗര്‍ റിസര്‍വ്വ്. ഇവിടുത്തെ മായര്‍പള്ളത്ത് കൂവ്, സീഗൂര്‍ എന്നീ വനമേഖലകളിലാണ് കഴുകന്‍ കൂടുകള്‍ കണ്ടെത്താനായത്. കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുപ്പത് സംഘങ്ങളാണ് സര്‍വ്വെയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി വനത്തിനുള്ളിലൂടെ സഞ്ചരിച്ചുള്ള സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിന് ശേഷം എടുത്ത ഫോട്ടോകളും മറ്റും വെച്ചുള്ള പഠനമായിരിക്കും നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെയും സര്‍വ്വേ പൂര്‍ത്തിയായതിന് ശേഷമേ കഴുകന്മാരുടെ എണ്ണം പുറത്തുവിടൂവെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.
നീലഗിരി, ബന്ദിപൂര്‍, വയനാട് വനമേഖലകളില്‍ കടുവ, പുള്ളിപുലി എന്നിവയുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുവരികയാണ്. ഇത് കഴുകന്‍, കഴുതപ്പുലി എന്നിവയുടെ വര്‍ധവിനും കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കടുവയും പുലിയുമൊക്കെ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഇരകളുടെ അവശിഷ്ടങ്ങള്‍ വനത്തില്‍ യഥേഷ്ടം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് കഴുകന്‍മാരുടെ എണ്ണം വര്‍ധിക്കാനിടയായത്. വനത്തില്‍ ഏറെയും വിജനമായ പ്രദേശത്ത് തമ്പടിച്ചാണ് സര്‍വ്വെ സംഘത്തിന്റെ നിരീക്ഷണം. ബൈനോക്കുലര്‍ വഴി കഴുകന്‍മാരുടെ സാന്നിധ്യം ഉറപ്പുവരുത്തിയതിന് ശേഷം ഇവയുടെ ഫോട്ടോകളും വീഡിയോയും സംഘം എടുക്കും. എണ്ണത്തിന് പുറമെ കഴുകന്റെ നിറം, വലിപ്പം, ഏത് സമയത്ത് കാണപ്പെടുന്നു തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. നീലഗിരി വനമേഖലയില്‍ വൈറ്റ് റബ്ഡ് വിഭാഗത്തില്‍പ്പെട്ട കഴുകന്‍മാരുടെ കൂടുകളാണ് ഇതുവരെ കണ്ടെത്തിവയില്‍ കൂടുതല്‍. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന കണക്കെടുപ്പില്‍ നാല്‍പ്പത്തിയഞ്ച് മുതല്‍ അമ്പത് കൂടുകള്‍ വരെ കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തവണ കൂടുകളുടെ എണ്ണവും കഴുകന്മാരുടെ എണ്ണവും വര്‍ധിച്ചേക്കാമെന്നാണ് സര്‍വ്വേ സംഘം നല്‍കുന്ന വിവരം.
Read Also: കാലിക്കറ്റ് സർവകലാശാലയുടെ കായിക അധ്യാപക പരിശീലന കോഴ്സുകൾക്ക് അംഗീകാരമില്ല, എൻസിടിഇ കോടതിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam