
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമെന്നാണ് നന്ദന കുറിച്ചത്. മുമ്പ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയും നന്ദനയുടെ കുറിപ്പ് ചർച്ചയായിരുന്നു. 'അച്ഛൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്, മിസ് യു അച്ഛാ' എന്നായിരുന്നു മകളുടെ പോസ്റ്റ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അഡ്വ. വി.വി. പ്രകാശ്. അന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിനോട് പരാജയപ്പെട്ടു. അന്ന് ഫലമറിയും മുമ്പേ, വി.വി. പ്രകാശ് വിടപറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടില്‍ എത്താത്തതിലും വിവാദമുണ്ടായിരുന്നു. എന്നാൽ ഷൗക്കത്ത് എത്താത്തതിൽ പരാതിയില്ലെന്ന് നന്ദന പ്രകാശും ഭാര്യ സ്മിത പ്രകാശും പറഞ്ഞിരുന്നു. മരണം വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ പറഞ്ഞു.