വൈപ്പിൻ ബസുകളുടെ കൊച്ചി നഗരപ്രവേശം; കോൺഗ്രസും സിപിഎമ്മും തമ്മിൽ രാഷ്ട്രീയ ചേരിപ്പോര്

By Web TeamFirst Published Jan 10, 2023, 12:16 PM IST
Highlights

ഹൈബി ഈഡൻ എംപിയുടെ സമരം ബസുകളുടെ നഗരപ്രവേശത്തിന് സർക്കാർ ഉത്തരവിറക്കാനിരിക്കെയെന്ന് സിപിഎം

കൊച്ചി: വൈപ്പിൻ ബസുകളുടെ നഗര പ്രവേശത്തെച്ചൊല്ലി എറണാകുളത്ത് രാഷ്ട്രീയ ചേരിപ്പോര് രൂക്ഷം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തിനുവേണ്ടിയെന്ന് പറഞ്ഞ് ഹൈബി ഈഡ‍ൻ എം.പി സമരം പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയ നാടകമെന്ന പ്രചാരണവുമായി സിപിഎമ്മും രംഗത്തിറങ്ങി.

വൈപ്പിനില്‍ നിന്നും സ്വകാര്യ ബസുകളില്‍ വരുന്ന യാത്രക്കാര്‍ ഹൈക്കോടതി ജംഷങ്ങനില്‍ ഇറങ്ങണം. പിന്നെ മറ്റൊരു ബസ് പിടിച്ച് നഗരത്തിലേക്ക് പോകണം. നേരിട്ട് ബസ് സര്‍വീസുകളില്ലാത്തത് വൈപ്പിൻകാര്‍ക്ക് ഇന്നും ഇന്നലെയും തുടങ്ങിയ യാത്രാ ദുരിതമല്ല. 18 വര്‍ഷങ്ങളായി ഇവരുടെ യാത്ര ഇങ്ങനെയാണ്. വൈപ്പിനിലെ സിപിഎം എംഎൽഎമാരുടെ അലംഭാവമാണ് കാരണമെന്നാരോപിച്ചാണ് ഹൈബി ഈഡൻ എംപിയുടെ സമരം. 24 മണിക്കൂര്‍ നിരാഹാരമിരുന്നാണ് പ്രതിഷേധം.

എന്നാല്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നാടകമാണ് എംപിയുടേതെന്നാണ് സിപിഎം നിലപാട്. ബസുകളുടെ നഗരപ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ അനുകൂല ഉത്തരവ് ഇറക്കാനിരിക്കെ, എംപിയുടെ സമരം ജനം തള്ളിക്കളയുമെന്നും സിപിഎം നേതൃത്വം വക്തമാക്കി. രാഷ്ട്രീയ തര്‍ക്കം ഇങ്ങനെ മുറുകുമ്പോഴും നഗരത്തിലേക്ക് നേരിട്ട് ഒരു ബസില്‍ എന്ന് പോകാൻ കഴിയുമെന്ന വൈപ്പിൻകാരുടെ ചോദ്യം ഇനിയും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

click me!