
തിരുവനന്തപുരം: വാളയാറിൽ ദൂരൂഹസാഹചര്യത്തിൽ ആത്മഹത്യചെയ്ത നിലയിൽ കാണപ്പെട്ട പെൺകുട്ടികളുടെ രക്ഷിതാക്കൾ വെങ്ങാനൂരിലെ അയ്യങ്കാളി സമൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. മക്കളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നതിന്‍റെ മുന്നോടിയായാണ് ഇവര്‍ അയ്യങ്കാളി സമൃതി മണ്ഡപത്തിൽ എത്തിയത്.
പെൺകുട്ടികൾ കെല്ലപ്പെട്ട് ഇത്രയും ദിവസമായിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ചും കേസിന്‍റെ പുനരന്വേഷണം ആവശ്യപ്പെട്ടുമാണ് സമരം തുടങ്ങുന്നതെന്നും അയ്യൻകാളി പ്രതിമയ്ക്ക് മുന്നിൽ നിന്ന് തൊഴുത് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങുന്നതിനാണ് തങ്ങളെത്തിയതെന്നും പെൺകുട്ടികളുടെ രക്ഷിതാക്കളായ വാളയാർ അട്ടപ്പളളം സ്വദേശികളായ അച്ഛൻ ഷാജിയും അമ്മ വി. ഭാഗ്യവതിയും പറഞ്ഞു.
പതിനൊന്നും ഒൻപതും വയസ്സുളള പെൺമക്കളാണ് തങ്ങൾക്ക് നഷ്ടപ്പെട്ടത്. മക്കളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം. മക്കളുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് തരാൻ പോലും പൊലീസ് വൈകിച്ചു. രണ്ട് മക്കളുടെയും പോസ്റ്റ് മാർട്ടം റിപ്പോർട്ട് ഒരുമിച്ചാണ് നൽകിയതെന്ന് പിതാവ് പറഞ്ഞു.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ മറ്റൊരു ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുത്ത് സംഭവത്തിന് കാരണക്കാരെന്ന് സംശയിക്കുന്നവരെ അറസ്റ്റുചെയ്തുവെങ്കിലും തെളിവിന്റെ അഭാവത്തിൽ കോടതി അവരെ വെറുതെവിട്ടു. മക്കൾ ആത്മഹത്യ ചെയ്തുവെന്നാണ് ഇപ്പോഴും അവർ പറയുന്നത്.
എന്നാൽ ഞങ്ങളുടെ മക്കൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. അതിനാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം നടത്തുകയോ സിബിഐ അന്വേഷണം നടത്തുകയോ വേണമെന്നും അവർ പറഞ്ഞു. 2017-ലാണ് പെൺകുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം മൂത്തമകളെയും 56 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ മകളെയും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam