
വണ്ടൂര്‍(മലപ്പുറം): വാവ സുരേഷ് (Vava Suresh) ആശുപത്രി വിട്ടതിന്റെ സന്തോഷത്തില്‍ സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടല്‍ (Kudumba sree hotel). മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയവര്‍ക്ക് സൗജന്യ ഊണ്‍ വിളമ്പിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഭവ സമൃദ്ധമായിരുന്നു ഊണ്‍. ചോറ്, സാമ്പാര്‍, മീന്‍കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, മസാലക്കറി, പപ്പടം, അച്ചാര്‍, പായസം എന്നിവയാണ് വിളമ്പിയത്. പതിവുപോലെ ഭക്ഷണം കഴിച്ച് കൗണ്ടറില്‍ എത്തുമ്പോള്‍ കാഷ്യര്‍ പണം വാങ്ങിയില്ല. ഇന്നത്തെ ഊണിന് പണം വേണ്ട. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിനാണ് ഇന്നത്തെ ഊണെന്ന് ഉപഭോക്താക്കളെ അറിയിച്ചു. അതോടെ കഴിച്ചവരും വിളമ്പിയവരും ഹാപ്പി.
സിഡിഎസ് അംഗവും കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരിയുമായ കെ സി നിര്‍മലയാണ് സൗജന്യ ഊണിന്റെ പിന്നില്‍. പ്രതിഫലം വാങ്ങാതെ പാമ്പുകളെ പിടിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന വാവ സുരേഷ് പാമ്പുകടിയേറ്റ് ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മനസ്സിലുറപ്പിച്ചതാണ് അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തിയാല്‍ ആഘോഷിക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്ന് എല്ലാവരും കൂടിയാലോചിച്ചാണ് സൗജന്യ ഭക്ഷണമെന്ന ആശയത്തിലേക്കെത്തിയതെന്ന് നിര്‍മല പറഞ്ഞു. കൊവിഡ് കാലത്തും ഈ ഹോട്ടല്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്നു. രണ്ട് ജോലിക്കാര്‍ക്ക് വീടുവെച്ചു നല്‍കുകയും ചെയ്തു. 27 പേര്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങി നല്‍കി. ദിവസവും 20 പൊതിച്ചോര്‍ വരെ താലൂക്ക് ആശുപത്രിയിലേക്കും തെരുവില്‍ അലയുന്നവര്‍ക്കും നല്‍കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam