നിര്‍ധനര്‍ക്ക് സ്വന്തം ചെലവില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാര്‍ഡ് മെമ്പര്‍; ശാന്തന്‍പാറയിലെ മുരുകനെ അറിയാം

By Web TeamFirst Published May 25, 2020, 7:04 PM IST
Highlights

തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി കുടികളിലും സ്വന്തം ചെലവില്‍ നിത്യോപയോഗ സാധനങ്ങളടക്കം എത്തിച്ച് നല്‍കുകയാണ് ഇടുക്കി ശാന്തമ്പാറ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പര്‍. 

ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി കുടികളിലും സ്വന്തം ചെലവില്‍ നിത്യോപയോഗ സാധനങ്ങളടക്കം എത്തിച്ച് നല്‍കുകയാണ് ഇടുക്കി ശാന്തമ്പാറ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പര്‍. രണ്ടാം വാര്‍ഡ് മെമ്പര്‍ പിറ്റി മുരുകനാണ് ഇതുവരെ കിട്ടിയ ഓണറേറിയം ചേര്‍ത്ത് വച്ച് കൊവിഡ് കാലത്ത് വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പച്ചക്കറിയും അടക്കം എത്തിച്ച് നല്‍കുന്നത്. തോട്ടം തൊഴിലാളികളും ആദിവാസി കടുംബങ്ങളുമാണ് ശാന്തമ്പാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പന്നിയാറിലുള്ളത്. 

പന്നിയാര്‍ നിവാസികളുടെ പ്രിയപ്പെട്ട പിറ്റി മുരുകന്‍ പഞ്ചായത്ത് മെമ്പറായ അന്നുമുതല്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന ഓണറേറിയും ചിലവഴിക്കാതെ ചേര്‍ത്തുവച്ചു. ഏറെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ചെറുതായെങ്കിലും സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ തൊഴിലില്ലാതായ ഇവര്‍ക്ക് ഏക ആശ്രയം സര്‍ക്കര്‍ നല്‍കിയ സൗജന്യ കിറ്റുകളായിരുന്നു. 

ഇതിന് ശേഷവും ബുദ്ധിമുട്ടനുഭിക്കുന്ന സാഹചര്യം  നേരിട്ടറിഞ്ഞ മുരുകന്‍ മുഴുവന്‍ വീടുകളിലും സ്വന്തം ചിലവില്‍ പത്തുകിലോ അരിയും ആറുകിലോ പച്ചക്കറികളും എത്തിച്ച് നല്‍കി. ആദ്യ ഘട്ടത്തില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. അടുത്ത ദിവസം തന്നെ ആദിവാസികുടികളിലടക്കം ഭക്ഷ്യധാന്യവും പച്ചക്കറികളും എത്തിച്ച് നല്‍കും. 

സിപിഐ ജില്ലാ കമ്മറ്റി അംഗം കൂടിയായ പിറ്റി മുരുകന്‍ മികച്ച കര്‍ഷകനാണ്. പൊതു പ്രവര്‍ത്തനം വരുമാന മാര്‍ഗമല്ല, അക്ഷരാര്‍ത്ഥത്തില്‍ സേവനം തന്നെയാണ് മുരുകന്. ജോലി ചെയ്തുണ്ടാക്കുന്നതില്‍ നിന്നും ഒരു വിഹിതം സേവന പ്രവര്‍ത്തനത്തിന് വേണ്ടി വിനിയോഗിക്കുമ്പോളാണ് നമ്മള്‍ യഥാര്‍ത്ഥ പൊതു പ്രവര്‍ത്തകരാകുന്നതെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പി റ്റി മുരുകന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കി ഭാര്യ ദേവാനിയും ഒപ്പമുണ്ട്.

click me!