
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ ഉടമസ്ഥതയില്‍ പിണങ്ങോട് പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ മലീനികരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെ നിര്‍ദേശം നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാത്ത നഗരസഭയുടെ നപടിക്കെതിരെ ബോര്‍ഡ് രംഗത്ത് വന്നു.
ഇതിന് മുന്നോടിയായി ഇന്ന് ഉച്ചക്ക് രണ്ടിന് മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ യോഗം വിളിക്കും. ബൈപ്പാസിലെ പുതിയ കെട്ടിടത്തിലേക്ക് 15നകം മാര്‍ക്കറ്റ് മാറ്റാനും ആലോചനയുണ്ട്. 2018 ഡിസംബര്‍, ഫെബ്രുവരി മാസങ്ങളിലാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അംഗങ്ങള്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. ആദ്യപരിശോധനയില്‍ മലിനജലം സംസ്‌കരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ നഗരസഭയോ കച്ചവടക്കാരോ തയ്യാറായില്ല. തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.
മാര്‍ക്കറ്റില്‍ നിന്ന് മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ അടങ്ങിയ മലിനജലം തോട് വഴി പുഴയിലേക്ക് ഒഴുക്കുകയായിരുന്നു. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നഗരസഭക്ക് ബോര്‍ഡ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനും മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. അതേ സമയം തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും നിലവില്‍ മാര്‍ക്കറ്റ് ഉള്ള സ്ഥലത്ത് തന്നെ മലിന ജലസംസ്‌കരണ പ്ലാന്റ് നിര്‍മിക്കണമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നു. കച്ചവടക്കാര്‍ ലൈസന്‍സിലെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam