പാചകത്തിന് 'പായൽ ജ്വാല', ഹിറ്റായി കായലിൽ 'ശല്യ'മാകുന്ന പോളകളിൽ നിന്ന് നിർമ്മിക്കുന്ന വാതകം

By Web TeamFirst Published Sep 9, 2021, 3:42 PM IST
Highlights

കായലിൽ മത്സ്യബന്ധനത്തിന് പോലും തടസ്സമാണ് പോളകൾ. എന്നാ‌ൽ ഇവ ഒന്നുപോലും കളയാതെ വീട്ടിലേക്ക് എടുത്തുകൊണ്ടുവരികയാണ് പ്രീതി. 

ആലപ്പുഴ: ഗ്യാസിന്‍റെ തീവിലയൊന്നും ഒരു പ്രശ്നമേ അല്ല ആലപ്പുഴ കണ്ണങ്കരിയിലെ വീട്ടമ്മയായ പ്രീതി ജയറാമിന്. കായലിലെ പോളയും പായലും ഉപയോഗിച്ചുള്ള വാതകം കൊണ്ടാണ് ഇപ്പോൾ പ്രീതിയുടെ പാചകം. ഈ രംഗത്തെ ഗവേഷകരുടെ സഹായത്തോടെയാണ് നൂതന ആശയം വീട്ടിലൊരുക്കിയത്.

കായലിൽ മത്സ്യബന്ധനത്തിന് പോലും തടസ്സമാണ് പോളകൾ. എന്നാ‌ൽ ഇവ ഒന്നുപോലും കളയാതെ വീട്ടിലേക്ക് എടുത്തുകൊണ്ടുവരികയാണ് പ്രീതി. എല്ലാം അരിഞ്ഞുകൂട്ടിയ ശേഷം പ്ലാന്‍റിലേക്ക് തട്ടും. അതിന്‍റെ റിസൾട്ട് അങ്ങ് അടുക്കളയിൽ കിട്ടും. ബയോ ഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ച പലരും ജൈവമാലിന്യം കിട്ടാതെവരുമ്പോൾ പ്ലാന്‍റ് ഉപേക്ഷിച്ച് ഗ്യാസ് സിലിണ്ടറിലേക്ക് മടങ്ങുകയാണ് പതിവ്. 

പ്രീതിയും അങ്ങനെ ചെയ്തു. ഇതിനിടെയാണ് നാട്ടുകാരനും യുവസംരംഭകനുമായ അനുരൂപ് പറഞ്ഞുകൊടുത്ത പോളയും പായലും കൊണ്ടുള്ള ഐഡിയ ഒന്ന് പരീക്ഷിച്ചത്. സംഗതി ക്ലിക്കായി. പുതിയ ആശയം നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അനുരൂപിന്‍റെയും സുഹൃത്ത് വിനോദിന്‍റെയും പായൽ ജ്വാല എന്ന ബ്രാൻഡും ഹിറ്റായി.

click me!