
ഇടുക്കി: കാടുകാക്കുന്ന വാച്ചർമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശമ്പളം ലഭിക്കാതായിട്ട് ആറുമാസമായി. വനംവകുപ്പിന്റെ മൂന്നാര്‍ ഡിവിഷനില്‍ ജോലിചെയ്യുന്ന എഴുപതോളം വരുന്ന വാച്ചര്‍മാരാണ് സര്‍ക്കാരിന്റെ കനിവുകാത്ത് കഴിയുന്നത്. ആര്‍ആര്‍ടി ടീമിന് ശമ്പളം ലഭിക്കാതായിട്ട് രണ്ടുമാസമായി. കൂലി ആവശ്യപ്പെട്ടാല്‍ ജോലി നിര്‍ത്താനാണ് ബന്ധപ്പെട്ടവരുടെ മറുപടിയെന്ന് ഇവർ പറയുന്നു.
കാട്ടാനയും കാട്ടുപോത്തും പുലിയുമെല്ലാം ജനവാസമേഖലകളില്‍ ഇടവിടാതെ എത്തുമ്പോള്‍ അതിനെ തിരികെ കാടുകയറ്റാന്‍ ജീവന്‍ പണയം വെച്ച് ജോലിചെയ്യുന്ന വാച്ചര്‍മാരാണ് ആറുമാസമായി ശമ്പളത്തിനായി കാത്തിരിക്കുകയാണ്. ജൂലൈ മാസമാണ് വാച്ചര്‍മാര്‍ക്ക് അവസാനമായി കൂലി ലഭിച്ചത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ക്യത്യമായി ജോലി ചെയ്‌തെങ്കിലും കൂലി ലഭിച്ചിട്ടില്ല. ഒരു ദിവസം ഡിഎ അടക്കം 928 രൂപയാണ് വാച്ചർമാരുടെ കൂലി. ക്യത്യമായി പണം ലഭിക്കാതെ വന്നതോടെ കുട്ടികളുടെ പഠനമടക്കം മുമ്പോട്ടുകൊണ്ടുപോകാന്‍ ആര്‍ക്കും കഴിയുന്നില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കുന്നതിനും മരുന്ന് വാങ്ങിക്കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് മൂന്നാറിലെ ആര്‍ആര്‍ടി ടീമിലടക്കം ജോലിചെയ്യുന്ന വാച്ചര്‍മാര്‍.
നാലുപേരാണ് മൂന്നാര്‍ ആര്‍ആര്‍ടി ടീമില്‍ ഉള്ളത്. കാട്ടാന ശല്യം ഏറെയുള്ള ചിന്നക്കനാല്‍, മാങ്കുളം, സൂര്യനെല്ലി, നേര്യമംഗലം, മാട്ടുപ്പെട്ടി, സെെലന്റുവാലി, ഗൂഡാര്‍വിള തുടങ്ങിയ മേഖലകളില്‍ ഇവരുടെ സാന്നിധ്യം പലപ്പോഴും പ്രദേശവാസികള്‍ക്ക് ആവശ്യമാണ്. ജോലി ഭാരം ഏറുമ്പോഴും ആവശ്യമായ പരിഗണന ഇക്കൂട്ടര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ല. കൂലി ആവശ്യപ്പെട്ടാല്‍ ജോലി നിര്‍ത്താന്‍ പറയുന്ന ചില ഉദ്യോഗസ്ഥരും വകുപ്പിലുണ്ടെന്നാണ് ചിലര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവധിക്കുന്ന ബജറ്റ് ഹെഡുകളില്‍ ജോലിചെയ്യുന്ന വാച്ചര്‍മാരുടെ ദുരവസ്ഥ മാറ്റുന്നതിന് ബന്ധപ്പെട്ടവരുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Read Also: ചില്ലുകൾ തകർന്നനിലയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാർ, ഉള്ളിൽ വെട്ടുകത്തി; കസ്റ്റഡിയിലെടുത്ത് പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam