
ഇടുക്കി: മഴക്കാലമെത്തിയിട്ടും വെള്ളമില്ലാതെ വരണ്ടുണങ്ങി വട്ടവട. കൊവിഡ് പ്രതിസന്ധിയിലും ഓണക്കാല പ്രതിക്ഷയില്‍ കൃഷിയിറക്കിയ നൂറ് കണക്കിന് ഹെക്ടര്‍ പച്ചക്കറികള്‍ കരിഞ്ഞുണങ്ങി നശിച്ചു. കടം വാങ്ങിയും ലോണെടുത്തും ആരംഭിച്ച കൃഷി നശിച്ചതോടെ കടബാധ്യതയിലായ കര്‍ഷകര്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്.
വിലയിടിവും വിള മോശവും കൊണ്ട് കടുത്ത പ്രതിസന്ധിയില്‍ ആയിരുന്ന ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിലെ കര്‍ഷകര്‍ക്ക് ഇരുട്ടടി ആയിരുന്നു കൊവിഡ് കാലം പ്രതിസന്ധികളെ മറികടക്കുന്നതിനായി വരുന്ന ഓണക്കാലം ലക്ഷ്യമിട്ട് കര്‍ഷകര്‍ കടംവാങ്ങിയും സ്വര്‍ണ പണയം വെച്ചും കൃഷിയിറക്കി.
എന്നാല്‍ കാലാവസ്ഥാവ്യതിയാനവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാലവര്‍ഷം ആരംഭിച്ചിട്ടും മഴ പെയ്യാത്തതിനാല്‍ വട്ടവടയിലെ കര്‍ഷകര്‍ നട്ടു പരിപാലിച്ച ഏക്കറുകണക്കിന് കൃഷികള്‍ കരിഞ്ഞുണങ്ങി. കട ബാധ്യതയിലേക്ക് കൂപ്പുകുത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം വേണം എന്നതാണ് ആവശ്യം. 2500 ലധികം വരുന്ന കര്‍ഷക കുടുംബങ്ങള്‍ ഏതാണ്ട് 1700 ഹെക്ടറിലധികം സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ഇതില്‍ എഴുന്നൂറ് ഏക്കറിലധികം സ്ഥലം കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. അടിയന്തരമായി മുഖ്യമന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും വിഷയത്തില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം എന്നതാണ് ഇവരുടെ ആവശ്യം.
പ്രതീകാത്മക ചിത്രം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam