സുര്യോദയത്തിന് മുമ്പ് കതിരിടും, അസ്തമയത്തിന് മൂപ്പെത്തും; 'അന്നൂരി' നെല്‍കൃഷിയുമായി വയനാട്ടിലെ കര്‍ഷകൻ

By Web TeamFirst Published Jul 11, 2021, 11:17 PM IST
Highlights

സൂര്യോദയത്തിന് മുമ്പ് കതിരിട്ട് അസ്തമയത്തിന് മുമ്പ് മൂപ്പെത്തുന്ന അത്യൂപര്‍വ്വ നെല്ലിനം സംരക്ഷിച്ച് വയനാട്ടിലെ കര്‍ഷകന്‍. ശബരിമല കാടുകളില്‍ മാത്രം വിളഞ്ഞിരുന്ന 'അന്നൂരി' യാണ് സുല്‍ത്താൻ ബത്തേരിയിലെ കര്‍ഷകനായ പ്രസീത് കുമാര്‍ തയ്യില്‍ തന്റെ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് സംരക്ഷിച്ച് പോരുന്നത്.

കല്‍പ്പറ്റ: സൂര്യോദയത്തിന് മുമ്പ് കതിരിട്ട് അസ്തമയത്തിന് മുമ്പ് മൂപ്പെത്തുന്ന അത്യൂപര്‍വ്വ നെല്ലിനം സംരക്ഷിച്ച് വയനാട്ടിലെ കര്‍ഷകന്‍. ശബരിമല കാടുകളില്‍ മാത്രം വിളഞ്ഞിരുന്ന 'അന്നൂരി' യാണ് സുല്‍ത്താൻ ബത്തേരിയിലെ കര്‍ഷകനായ പ്രസീത് കുമാര്‍ തയ്യില്‍ തന്റെ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് സംരക്ഷിച്ച് പോരുന്നത്. രണ്ട് വര്‍ഷമായി ഈ വനനെല്ലിനം ഇദ്ദേഹം ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുകയാണ്.

നട്ട് രണ്ടാഴ്ച കൊണ്ട് തന്നെ അന്നൂരി നെല്‍ച്ചെടി പൂര്‍ണവളര്‍ച്ചയെത്തും. മറ്റു നെല്ലിനങ്ങള്‍ മാസങ്ങള്‍ പരിപാലിച്ചാലെ കതിര് വരൂ. എന്നാല്‍ അന്നൂരി നെല്ലിനം പതിനഞ്ചാംദിവസംകൊണ്ട് വിളവെടുക്കാന്‍ കഴിയും. വൈകുന്നേരത്തോടെ നെന്മണികള്‍ മൂപ്പെത്തി കൊഴിഞ്ഞുവീഴാന്‍ തുടങ്ങും. 

ഇത്തരത്തില്‍ വിളവിടുന്ന അന്ന് തന്നെ കൊഴിഞ്ഞു വീഴുന്നതിനാലാണ് ഈ നെല്ലിനത്തിന് അന്നൂരി (അന്ന് ഊരി) എന്ന പേര് പഴമക്കാര്‍ നല്‍കിയതെന്ന് പ്രസീത്കുമാര്‍ പറഞ്ഞു. ഔഷധഗുണത്താല്‍ സമ്പന്നമായ ഈ നെല്ലിനെ ആദിവാസികള്‍ മരുന്നായി ഉപയോഗിച്ചിരുന്നു. ജില്ലയിലെ തന്നെ മികച്ച കര്‍ഷകനും നെല്‍കൃഷി പ്രചാരകനുമായ പ്രസീത്കുമാര്‍ പത്തനംത്തിട്ടയിലുള്ള സുഹൃത്ത് വഴിയാണ് അന്നൂരിയെ കുറിച്ചറിഞ്ഞത്. 

പിന്നീട് നിരന്തര ശ്രമത്തിനൊടുവില്‍ രണ്ട് നെല്‍ച്ചെടികള്‍ സംഘടിപ്പിച്ചു. ബത്തേരി നഗരപ്രാന്തത്തിലുള്ള വീട്ടിലെത്തിച്ച് ചട്ടികളില്‍ നട്ടു. വനത്തില്‍ വളരുന്നതിനാലാകാം മികച്ച പ്രതിരോധ ശേഷിയുള്ള നെല്ലിനം കൂടിയാണ് അന്നൂരിയെന്ന് പ്രസീത്കുമാര്‍ പറയുന്നു. അതിനാല്‍ തന്നെ പെട്ടെന്ന് നശിച്ച് പോകില്ല. വേരില്‍ നിന്നും മുകുളങ്ങള്‍ ഉണ്ടായി ആഴ്ചകള്‍ക്കകം തന്നെ പുതിയ നെല്‍ച്ചെടികള്‍ ഉണ്ടാകും. 

ആവശ്യമെങ്കില്‍ ഇവ മറ്റു ചട്ടികളിലേക്ക് മാറ്റി സംരക്ഷിക്കുകയും ചെയ്യാം. 20-തില്‍ അധികം ചട്ടികളില്‍ പ്രസീത്കുമാര്‍ അന്നൂരി വിളയിച്ചിട്ടുണ്ട്. മികച്ച ഔഷധഗുണമുള്ള ഈ നെല്ല് മുന്‍കാലങ്ങളില്‍ വസൂരി പോലെയുള്ള മാരക രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. കുളത്തൂപ്പുഴ, ശബരിമല മേഖലകളിലെ ആദിവാസികളാണ് ഇത്തരത്തില്‍ നെല്ലിനെ മരുന്നായി ഉപയോഗിച്ചിരുന്നതെത്രേ. ശബരിമല കാടുകളില്‍ മാത്രം കണ്ടുവരുന്നതിനാല്‍ ദൈവീക ശക്തിയുള്ള നെല്ലാണിതെന്നും വിശ്വാസമുണ്ട്.

click me!