
കൽപ്പറ്റ: കുപ്പാടി റെയിഞ്ചിന് കീഴിലെ മന്ദംകൊല്ലിയില്‍ കടുവയെ (Tiger) കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയതോടെ ജനജീവിതം വീണ്ടും ആശങ്കയിലാണ്. വയനാട്ടില്‍ (Wayanad) എവിടെയും എപ്പോള്‍ വേണമെങ്കിലും കടുവ പ്രത്യക്ഷപ്പെടാമെന്ന നിലയിലാണ് കാര്യങ്ങളെന്നാണ് നാട്ടുകാരുടെ ആരോപണം. വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ ഇക്കാര്യം ഉന്നയിക്കുന്നത്.
2018 ലായിരുന്നു അവസാന സെന്‍സസ്. 2022ലെ സെന്‍സസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ കണക്കെടുപ്പില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. 2014ല്‍ അത് 82 ആയിരുന്നു. ഇത്തവണയും കടുവകളുടെ എണ്ണം കൂടിയേക്കുമെന്ന് തന്നെയാണു നിഗമനം. കടുവക്കുഞ്ഞിനെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയ മന്ദംകൊല്ലിയില്‍ ഇനിയും കടുവകളുണ്ടാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കടുവക്കുഞ്ഞായതിനാല്‍ തന്നെ തള്ളക്കടുവയും കൂടെ പ്രദേശത്ത് എത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വനംവകുപ്പും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കക്കൂസ് ടാങ്കിനായി എടുത്ത കുഴിയിലാണ് കടുവക്കുഞ്ഞ് അകപ്പെട്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയുടെ അലര്‍ച്ച കേട്ട് പോയി നോക്കിയത്. ഏകദേശം ആറു മാസം പ്രായമുള്ള കടുവയാണ് കുഴിയില്‍ വീണത്. വിവരമറിഞ്ഞ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലെത്തിയ വനപാലകര്‍ മയക്കുവെടിവെച്ച് കടുവയെ കുഴിയില്‍ നിന്ന് പുറത്തെടുത്തു.
ശേഷം വിശദമായ പരിശോധനക്കായി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് മാറ്റി. ശാരീരികമായ അവശതകളോ മറ്റു പരിക്കുകളോ ഇല്ലാത്ത കടുവയാണ് കുഴിയില്‍ വീണത്. ഏതായാലും പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. വനംവകുപ്പിന്റെ നിരീക്ഷണവും ഈ ഭാഗങ്ങളില്‍ തുടരും. മുമ്പും കടുവ എത്തിയ സ്ഥലമായതിനാല്‍ കൂടിയാണ് നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വനംവകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.