പണം അനുവദിച്ചിട്ടും പാലം പണി തുടങ്ങിയില്ല; ഫണ്ട് പിന്‍വലിക്കുമെന്ന് സുരേഷ് ഗോപി

By Web TeamFirst Published Jun 5, 2019, 1:46 PM IST
Highlights

15 ദിവസത്തിനുള്ളിൽ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിൻവലിക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കളക്ട‍ർക്ക്  മുന്നറിയിപ്പ് നല്‍കി

വയനാട്: സുരേഷ് ഗോപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും പണമനുവദിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം പാലംപണി നടക്കാതായതോടെ  ഈ മഴക്കാലത്തും ഒറ്റപ്പെടുമെന്ന പേടിയിലാണ് വയനാട് കോട്ടത്തറയിലെ മാങ്കോട്ടുകുന്ന് ഗ്രാമം. ഇതിനിടെ പതിനഞ്ച് ദിവസത്തിനുള്ളിൽ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിൻവലിക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കളക്ട‍ർക്ക്  മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമാണ് പണി വൈകാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.

ചുറ്റും വെള്ളം പൊങ്ങുന്നതിനാൽ  മഴക്കാലത്ത് മാങ്കോട്ടുകുന്നിലെ കുട്ടികള്‍ സ്കൂളില്‍ പോകാറില്ല. മഴയില്‍ മാസങ്ങളോളം ഗ്രാമത്തിലുള്ള മുഴുവൻ ആളുകളും ഒറ്റപ്പെടും. ഇവരുടെ ദുരിതത്തെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് സുരേഷ് ഗോപി 35 ലക്ഷം രൂപ നടപ്പാലത്തിനായി അനുവദിച്ചത്.

എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമുള്ള തുക ഉപയോഗിച്ച് ഒരു വ‍ർഷത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വര്‍ഷം ഒന്നു കഴിയാറായെങ്കിലും ഫയല്‍ നീങ്ങിയിട്ട് പോലുമില്ല. ഇതോടെയാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിൻവലിക്കുമെന്ന് എംപി ജില്ലാ കളക്ട‍ർക്ക് മുന്നറിയിപ്പ് നല‍്കി.

പദ്ധതി നടപ്പിലാക്കേണ്ട പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  നിഷേധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഒരാഴ്ച്ചക്കുള്ളില്‍ ഫയല്‍ നീങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രതീക്ഷയറ്റ  ചിലര്‍  താല്‍കാലിക തടിപ്പാലം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പ് പോലും തുടങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണമായി ചൂണ്ടികാട്ടുന്ന ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ കളക്ട്രേറ്റിലേക്കയക്കുമെന്നും വിശദീകരിക്കുന്നു.

"

click me!