
കൽപറ്റ: ചൂരൽമലയിലും മുണ്ടക്കൈയിലും മലവെള്ളം ഒലിച്ചുപാഞ്ഞപ്പോൾ ഇല്ലാതായത് ഒരു നാടാണ്. നിറയെ കടകളും അതിലെല്ലാം മനുഷ്യരുമായി പ്രതാപത്തോടെ നിന്ന ഒരു അങ്ങാടി ഇപ്പോൾ ശവപ്പറമ്പ് പോലെയാണ്. നാടില്ല, അവിടേക്കെത്താൻ പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമില്ല. പിന്നെന്തിനാണ് കടകളെന്ന് ചോദിക്കുകയാണ് വ്യാപാരികൾ. ഉരുളിൽ ഒരു നാട് മുഴുവൻ ഒലിച്ചു പോയതിന്റെ സങ്കടക്കാഴ്ചകളാണ് എങ്ങും.
ഇക്കാണുന്നതാണ് ചാന്തണ്ണന്റെ കടയെന്ന് പ്രദേശവാസികളിലൊരാൾ ചൂണ്ടിക്കാട്ടുന്നു. ''കമ്മാന്തറ ടീ സ്റ്റാളെന്നാണ് പേര്. ചാന്തണ്ണനും ഭാര്യയും മകളുടെ കുട്ടിയും മരിച്ചു. അതുപോലെ തൊട്ടപ്പുറത്തെ അബുക്കാന്റെ ഭാര്യ മരിച്ചു. അങ്ങനെ നിരവധി കച്ചവടക്കാരുടെ കുടുംബങ്ങളാണ് ഇല്ലാതായത്. അപ്പുറത്തെ കടയുണ്ടായിരുന്ന ഹംസാക്കാന്റെ ഭാര്യ മൈമുനാത്തയും മരിച്ചു.'' തട്ടുകടയും അതിനോട് ചേർന്ന കൂരയും അതിൽ ഭാര്യയും മകളും പേരക്കുട്ടിയും. അതായിരുന്നു ചാന്തണ്ണന്റെ ലോകം. മലവെള്ളപ്പാച്ചിലിൽ നാട് ഒലിച്ചു പോയപ്പോൾ ചാന്തണ്ണനും കുടുംബവും ഒഴുകിപ്പോയി. അവശേഷിക്കുന്നത് ഒരു മകൾ മാത്രം.
ഇതുപോലെ 40ലധികം കടകളാണ് ചൂരൽമലയിൽ തകർന്നത്. 15 കടകൾ ഭാഗികമായും. കടകൾ ഇനിയുമുണ്ടാക്കാം. പക്ഷേ അവിടേക്കെത്താൻ ആളില്ല. ചൂരൽമലയും മുണ്ടക്കൈയും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇവിടത്തെ കച്ചവടങ്ങൾ നടന്നിരുന്നത്. അഥവാ ഇനി കടകൾ തുടങ്ങിയാൽ തന്നെ കച്ചവടം നടത്താനുള്ള മാനസികാവസ്ഥയിലല്ലെന്നും പറയുന്നു ഇവർ. കടകളും വഴിയാത്രക്കാരും സജീവമാക്കിയിരുന്ന ഇടമായിരുന്നു. തകർന്ന കടകൾ പുനർനിർമ്മിക്കാനാകും. പക്ഷേ നാട്ടുകാരില്ലാതെ എന്ത് കട?
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam