എംഡിഎംഎ എന്ന പേരിൽ കല്ലുപ്പ് ഉപയോഗിച്ച് റീൽസ് നിർമ്മിച്ച് എക്‌സൈസിനെ വെല്ലുവിളിച്ച കോഴിക്കോട്ടെ വ്ലോഗറെ പൊലീസ് പിടികൂടി. തെറ്റ് പറ്റിയെന്നും ആവർത്തിക്കില്ലെന്നും ക്ഷമാപണ വീഡിയോ ഇട്ട് തടിയൂരി യുവാവ്.
കോഴിക്കോട്: എംഡിഎംഎ എന്ന പേരില്‍ ദൃശ്യങ്ങൾ കാണിച്ച് റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി പൊലീസ് എത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് പേരാമ്പ്ര ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത്. തെറ്റ് പറ്റിയെന്നും ആവർത്തിക്കില്ലെന്നും പൊലീസ് സാന്നിധ്യത്തിൽ വ്ലോഗറുടെ ക്ഷാപണ വീഡിയോയും പുറത്ത് വന്നു.
താൻ പണിക്കുപോയി ഉണ്ടാക്കിയ പണത്തിനാണ് ലഹരിമരുന്ന് വാങ്ങിയതെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ആദ്യ വീഡിയോയില്‍ വിഷ്ണു വീഡിയോയിൽ പറഞ്ഞത്. തന്റെ ആരോഗ്യത്തിനല്ലേ പ്രശ്നം, അതിന് മറ്റുള്ളവർക്ക് എന്താണെന്നും വിഷ്ണു ചോദിക്കുന്നുണ്ട്. അഡ്രസ്സും ഫോൺ നമ്പറും നൽകി നേരിട്ട് വരാനും വെല്ലുവിളി. ഇതോടെയാണ് വിഷ്ണുവിനെ തേടി പൊലീസ് ഉദ്യോഗസ്ഥരെത്തിയത്. വീഡിയോ റീൽസിനുവേണ്ടി ചെയ്തതാണെന്നും റീച്ച് കൂട്ടാനായി എംഡിഎംഎ ആണെന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വിഷ്ണുവിന്റെ ഏറ്റുപറച്ചിൽ. എംഡിഎംഎ അല്ല അത് വെറും കല്ലുപ്പാണെന്നും വിഷ്ണു വിശദീകരിക്കുന്നു. ഇക്കാര്യം വിശദീകരിച്ച് റീൽസാക്കണം എന്നായി പൊലീസ്. പിന്നീലെ ക്ഷമാപണ വീഡിയോ ഇട്ട് യുവാവ് തടിയൂരി.
ഇതേ വീഡിയോ ട്രോൾ വീഡിയോയായി എക്‌സൈസ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ഇട്ടിട്ടുണ്ട്. വിഷ്ണു ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പേരാമ്പ്ര എക്സൈസ് പറഞ്ഞു. ഇനിയും ആവർത്തിച്ചാൽ ക്ഷമിക്കില്ലെന്ന മുന്നറിയിപ്പും നൽകിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മടക്കം.



