
വയനാട്: വയനാട് ബത്തേരി ചെതലയത്ത് റേഷൻ കാർഡ് ഇല്ലാത്തതിനെ തുടർന്ന് പട്ടിണിയിൽ ആയ ആദിവാസി കുടുംബത്തിന് റേഷൻ കാർഡ് ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് കൊമ്മഞ്ചേരി കാട്ടുനായ്ക കോളനിയിലെ ബിന്ദുവിൻറെ കുടുംബത്തിന് റേഷൻ കാർഡ് ലഭിച്ചത്. പട്ടിണിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് ഇവരെ ഉദ്യോഗസ്ഥർ ശകാരിച്ചത് വിവാദമായിരുന്നു.
ചെതലയത്ത് വനത്തിൽ കഴിയുന്ന ആദിവാസി കുടുംബം ആണ് ഭക്ഷണമില്ലാതെ പട്ടിണിയിൽ കഴിഞ്ഞിരുന്നത്. റേഷൻ കാർഡും ആധാറും ഇല്ലാത്തതിനാൽ കുടുംബത്തിന് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിരുന്നില്ല. മൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞുള്ള ബിന്ദുവിന്‍റെ കുടുംബത്തിന് റേഷൻ കാർഡ് ഇല്ലാത്തതിനാലാല്‍ സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.
കൊവിഡ് കാലത്ത് വയനാട്ടിലെ ആദിവാസി ഊരിലെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സർക്കാർ കണക്കിൽ ഉൾപെടാതെ പോയ കുടുംബങ്ങളാണ് ഇതുപോലെ ദുരിതത്തിലായത്. കൂലിപ്പണിയില്ലാത്തതും പ്രതിസന്ധികൂട്ടി. കൊമ്മഞ്ചേരി കാട്ടുനായ്ക കോളനിയിൽ താമസക്കാരായി 4 കുടുംബങ്ങളിലെ 11 പേരുണ്ട്. ഇവിടെ മൂന്ന് പേർക്ക് മാത്രമേ റേഷൻ കാർഡ് ഉള്ളൂ.
ഈ കാർഡുകളിൽ കിട്ടുന്ന ഭക്ഷ്യധാന്യങ്ങൾ മറ്റുള്ളവർക്കായി പങ്ക് വെച്ചാണ് പലരും പട്ടിണി മാറ്റിയിരുന്നത്. അധാർ ഇല്ലാത്തതിനാൽ ഇതര ആനൂകൂല്യങ്ങളും ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ടിരുന്നു. ട്രൈബൽ പ്രമോട്ടർമാരുൾപ്പെടെയുള്ളവർ കോളനിയിലേക്ക് വരാറേയില്ലെന്നാണ് കോളനിവാസികൾ ആരോപിക്കുന്നത്. എന്തായാലും റേഷന്‍ കാര്‍ഡ് ലഭിച്ചതോടെ ഇനി പട്ടിണിയില്ലാതെ കഴിയാമെന്ന് ബിന്ദുവും കുടുംബവും പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam