പോത്തുവെട്ടിപ്പാറയിൽ കിണറിനോട് ചേർന്നുള്ള പ്ലാവ് മുറിക്കുന്നതിനിടെ യുവാവ് 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: മരം മുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് പരിക്കേറ്റ യുവാവിന് അഗ്‌നിരക്ഷ സേന രക്ഷകരായി. ഒഴുകൂര്‍ വാറച്ചാല്‍ വീട്ടില്‍ അബ്ദുനാസറിനെ (മുജീബ്) യാണ് 35 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് മലപ്പുറത്തു നിന്നെത്തിയ സേനാംഗങ്ങള്‍ പുറത്തെടുത്തത്. പോത്തുവെട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കിണറിനോട് ചേര്‍ന്നുള്ള പ്ലാവ് മുറിക്കുന്നതിനിടെയാണ് അപകടം. മരം മുറിച്ചു മാറ്റുന്നതിനിടെ അബ്ദുനാസര്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിണറിന്റെ അടിയില്‍ പാറയുള്ളതാണ്. മരം മുറിക്കാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന യന്ത്രവുമായാണ് വീണത്. മലപ്പുറം അഗ്‌നിരക്ഷാ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ. സു ധീഷാണ് കിണറ്റില്‍ ഇറങ്ങി അബ്ദുനാസറിനെ പുറത്തെത്തിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ എം. പ്രദീപ് കുമാര്‍, കെ. മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ മനോജ് മുണ്ടേക്കാടന്‍, അനൂപ് ശ്രീധരന്‍, കെ. അബ്ദുല്‍ ജബാര്‍, അക്ഷയ് രാജീവ്, ശ്യാം സതീഷ്, ഹോംഗാര്‍ഡ്മാരായ വി. ബൈജു, സി. രാ ജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.


