
പാലക്കാട്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വാളയാര്‍ അതിര്‍ത്തിയിൽ പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്നും കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്നാട്ടിലേക്ക് ബസുകളും സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ച ലോക്ഡൗണും പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടന്നു. 24 മണിക്കൂറില്‍ 10978 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം195 ആയിട്ടുണ്ട്.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2 ലക്ഷത്തിലേക്ക്
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തോട് അടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒന്നര ലക്ഷവും കടന്ന് പ്രതിദിന കൊവിഡ് കേസുകൾ മുന്നോട്ട് പോവുകയാണ്. ദില്ലിയിൽ 24 മണിക്കൂറിനിടെ 24000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഉത്തർപ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ രണ്ട് ശതമാനം വർധനയുണ്ടായി. അതിനിടെ, കോവാക്സിന്റെ ബൂസ്റ്റർ ഡോസിന് ദീർഘകാലം പ്രതിരോധം നൽകാൻ കഴിയുമെന്ന് ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam