
ഇടുക്കി: തമിഴ്‌നാട്ടിലെ കമ്പത്ത് സിനിമ കാണാനെത്തിയ മലയാളി യുവാക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ തട്ടിയെടുത്തവർ പിടിയിൽ. തമിഴ്നാട്ടിൽ സിനിമ കാണാൻ എത്തിയ യുവാക്കളെ പരിചയം സ്ഥാപിച്ച ശേഷം കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി ഫോണുകൾ തട്ടിയെടുക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കമ്പം സ്വദേശികളായ സുന്ദർ(28), അജിത്ത്(27), മുകിലൻ(27) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പ്‌പദമായ സംഭവം.
വെള്ളാരംകുന്ന് സ്വദേശികളായ ആൻസൻ, അഭിഷേക്, അതുൽ എന്നിവർ സിനിമ കാണുന്നതിനായാണ് കമ്പത്ത് എത്തിയത്. തിയേറ്ററിലേക്ക് പോകാൻ ഓട്ടോ വിളിച്ചു. തിയേറ്ററിന് സമീപം ഇവർ ഇറങ്ങിയതോടെ പ്രതികളിലൊരാളായ സുന്ദർ ബൈക്കിലെത്തി ഇവരോട് കുമളി ഭാഗത്ത് ജോലിക്ക് വന്നിട്ടുണ്ടെന്ന് പറഞ്ഞ് മലയാളത്തിൽ സംസാരിച്ച് പരിചയം സ്ഥാപിച്ചു.
തുടർന്ന് ഇവർ തിയേറ്ററിലേക്ക് പോകാൻ ഒരുങ്ങവേ പ്രതികൾ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇവരെ ഭീഷണിപ്പെടുത്തി മൊബൈലുകൾ ആവശ്യപ്പെട്ടു. പ്രാണരക്ഷാർഥം ഇവർ സിം ഊരിയെടുത്ത ശേഷം മൊബൈലുകൾ നൽകി. തുടർന്ന് മോഷ്ടാക്കൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
യുവാക്കൾ കമ്പം ടൗണിലൂടെ ഭയന്ന് വരുന്നത് കണ്ട വെള്ളിലാംകണ്ടം സ്വദേശിയായ റിട്ട. ആർമി ഉദ്യാഗസ്ഥനായ റെജിമോൻ ഇവരെ തടഞ്ഞുനിർത്തി വിവരം തിരക്കി. തുടർന്ന് ഇദ്ദേഹത്തിന്റെ സഹായത്തോടെ കമ്പം നോർത്ത് സ്റ്റേഷനിലെത്തിയ യുവാക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് എസ് ഐ ദേവരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച രാത്രിയോടെ പ്രതികളെ കമ്പത്തുനിന്ന് പിടികൂടി. പ്രതി സുന്ദർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ മുത്തുലക്ഷ്‌മി, സി.പി.ഒ. ധർമരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam