
ചരിത്രമങ്ങനെയാണ് എപ്പോഴാണ്, എങ്ങനെയാണ് കയറിവന്ന് ഓര്‍മ്മകളെ പുതുക്കുകയെന്നറിയില്ല. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരുക്കുന്ന വേളയില്‍ പെട്ടെന്നാണ് ഒരു റിട്ടേര്‍സ് പൊലീസുകാരന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടത്. റിട്ടേര്‍ട്ട് സുപ്രണ്ട് ഓഫ് പൊലീസ് മാര്‍ട്ടിന്‍ കെ മാത്യു.
സംഭവം ഇങ്ങനെ: കൂത്ത് പറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികളും യുവാക്കളും രംഗത്തിറങ്ങിയ 1994 ലെ പ്രതിഷേധ സമരം ശക്തമായ ദിവസങ്ങള്‍. ഇതിനിടെ കൊച്ചി എം ജി റോഡിലുള്ള അബാദ് പ്ലാസയില്‍ ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ എത്തുന്നു. കരുണാകരനെ തടയാന്‍ എത്തിയത് പി രാജീവിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍.
വൈകിയെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി വാഹനത്തിന് നേരെ ഓടിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ക്രൂരമായി ലാത്തിവീശി. വിദ്യാര്‍ത്ഥികള്‍ പലവഴി ചിതറിയോടി. എന്നിട്ടും രാജീവും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും കാറിനുള്ളില്‍ കടന്ന് കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചു.
രാജീവിനെയും സംഘത്തെയും കാറില്‍ നിന്ന് വലിച്ചിഴച്ച പൊലീസ്, വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ വലിച്ച് കീറി. ഒടുവില്‍ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ കീറിയ വസ്ത്രങ്ങള്‍ വാരിപ്പൊത്തിയ രാജീവിനെ ഒരു പൊലീസുകാരന്‍ ജീപ്പിലേക്ക് വലിച്ചുകയറ്റുന്ന ഒരു ചിത്രം ചരിത്രത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ് പിറ്റേദിവസത്തെ പത്രങ്ങളുടെ ഒന്നാം പേജില്‍ അച്ചടിച്ച് വന്നു.
രണ്ടാം രംഗം: വര്‍ഷങ്ങള്‍ പലത് മാറി. ഇന്ന് 2019 ല്‍ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുവാനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നു. അന്ന് പി രാജീവിനെ അറസ്റ്റ് ചെയ്ത അതേ പൊലീസുകാരന്‍ ഇന്ന് റിട്ടേര്‍ട്ട് സുപ്രണ്ട് ഓഫ് പൊലീസ് മാര്‍ട്ടിന്‍ കെ മാത്യു. അദ്ദേഹം എറണാകുളത്ത് എത്തി. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. രാജീവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പങ്കെടുക്കാന്‍. താന്‍ ജോലിയുടെ ഭാഗമായി അറസ്റ്റ് ചെയ്ത് നീക്കിയ, അന്നത്തെ ഭരണകൂടം കുറ്റവാളിയായി കണ്ടിരുന്ന അതേ പി രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് പിന്തുണയര്‍പ്പിച്ചാണ് മാര്‍ട്ടിന്‍ കെ മാത്യു എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam