
തിരുവന്തപുരം: ഇന്നലെ രാവിലെ മുതലപ്പൊഴി പെരുമാതുറ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ എം എച്ച് വള്ളം വിരിച്ച വലയിലാണ് വെള്ളുടുമ്പന്‍ സ്രാവ് കുടുങ്ങിയത്. മത്സ്യബന്ധനത്തിനിടെ വലയിലായ സ്രാവിനെ വല തിരിച്ച് വിട്ട് കടലിലേക്ക് തന്നെ വിട്ടെന്ന് വള്ളത്തിലെ ജോലിക്കാരനായ ഹംസ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഏതാണ്ട് അരമണിക്കൂര്‍ നേരെ പണിപ്പെട്ടാണ് സ്രാവിനെ തിരികെ കടലില്‍ വിട്ടത്. ഇതിനിടെ പലയില്‍ കുടുങ്ങിയിരുന്ന മീനില്‍ ഏറിയപങ്കും നഷ്ടമായെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 'കേരളത്തിന്‍റെ സൈന്യ'മെന്ന വാട്സാപ്പ് ഗ്രൂപ്പാലാണ് വീഡിയോ പുറത്ത് വന്നത്. അടുത്തകാലത്തായി മുതലപ്പൊഴി അടക്കമുള്ള കേരളത്തിന്‍റെ കടല്‍ത്തീരത്ത് വെള്ളുടുമ്പന്‍ സ്രാവിനെ പതിവായി കാണാറുണ്ടെന്ന് ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ പറഞ്ഞു.
പലപ്പോഴും രാത്രികാലങ്ങളില്‍ ബോട്ടിന്‍റെ വെളിച്ചമടിക്കുമ്പോള്‍ ഇത് ബോട്ടിന് സമീപത്ത് വരാറുണ്ടെങ്കിലും അക്രമണകാരിയല്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വലയടിക്കുമ്പോള്‍ വലയില്‍ കുടുങ്ങുന്നത് മാത്രമാണ് പ്രശ്നം. വലിപ്പമുള്ള സ്രാവായതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വല കീറാനുള്ള സാധ്യത കൂടുതലാണ്. ലക്ഷക്കണക്കിന് രൂപ വിലയുള്ള വല കീറിയാല്‍ അത് വലിയ നഷ്ടത്തിന് കാരണമാകുമെന്നും തൊഴിലാളികള്‍ പറയുന്നു. തിമിംഗല സ്രാവെന്നും വെള്ളുടുമ്പന്‍ സ്രാവിനെ വിളിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ഇനങ്ങളിലൊന്നായ തിമിംഗല സ്രാവ് ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.
വെള്ളുടുമ്പന്‍ സ്രാവിനെ ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടിലാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇവയെ കടലിന്‍റെ ഉപരിതലത്തിലും തീരത്തോട് ചേര്‍ന്നും കണ്ടുവരുന്നു. കോവളം പ്രദേശത്ത് മുമ്പ് വെള്ളുടുമ്പന്‍ സ്രാവിനെ കരമടയില്‍ വലയില്‍ കുടുങ്ങിയ നിലയില്‍ ലഭിച്ചിരുന്നു. ഇതിനെയും അന്ന് കടലിലേക്ക് തന്നെ തുറന്ന് വിട്ടിരുന്നു. തൊലിപ്പുറത്ത് വെളുത്തപുള്ളികള്‍ ഉള്ളതിനാലാണ് ഇവയെ വെള്ളുടുമ്പന്‍ സ്രാവെന്ന് വിളിക്കുന്നത്. തിമിംഗല സ്രാവെന്നും ഇവയ്ക്ക് പേരുണ്ട്. പൊതുവെ ശാന്തശീലരാണ് ഇവയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല്‍ തന്നെ ഇവയെ പിടിക്കൂടുന്നതും കൊല്ലുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ഇനങ്ങളിലൊന്നായ തിമിംഗല സ്രാവ് ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.