മുത്തങ്ങയിലെ ജീപ്പുകള്‍ പേര് മാറ്റുമോ?; സഫാരി ജീപ്പുകളിലെ പേരിനെ ചൊല്ലി വിവാദം

Published : Feb 08, 2022, 10:07 AM IST
മുത്തങ്ങയിലെ ജീപ്പുകള്‍ പേര് മാറ്റുമോ?; സഫാരി ജീപ്പുകളിലെ പേരിനെ ചൊല്ലി വിവാദം

Synopsis

പരാതിക്കാര്‍ ആരെന്നോ, ഇവരുടെ ലക്ഷ്യമെന്തെന്നോ പക്ഷേ ഇവിടുത്തെ ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് ആര്‍ക്കുമറിയില്ല. പരാതിയുണ്ടെന്ന കാര്യം പോലും ഇവർ അറിയുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ്. 

കൽപ്പറ്റ: ദിവസവും ധാരളം വിനോദ സഞ്ചാരികള്‍ (Tourists) കാടകങ്ങളുടെ അനുഭവം പകര്‍ന്നു നല്‍കുന്നയിടമാണ് മുത്തങ്ങ വന്യജീവി സങ്കേതം (Muthanga Wildlife Sanctuary). ഇക്കോ ടൂറിസം (Echo Tourism) കേന്ദ്രമായ മുത്തങ്ങയില്‍ ഒരു പേരിനെ ചൊല്ലി വിവാദം നിലനില്‍ക്കുകയാണിപ്പോള്‍. വിനോദ സഞ്ചാരികളെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോകുന്ന ജീപ്പുകളില്‍ മുന്‍വശത്തെ ചില്ലില്‍ 'വയനാട് വന്യജീവിസങ്കേതം മുത്തങ്ങ' എന്ന് പതിച്ചതിനെ ചൊല്ലിയാണ് വിവാദം. പരാതിക്കാര്‍ ആരെന്നോ, ഇവരുടെ ലക്ഷ്യമെന്തെന്നോ പക്ഷേ ഇവിടുത്തെ ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് ആര്‍ക്കുമറിയില്ല. പരാതിയുണ്ടെന്ന കാര്യം പോലും ഇവർ അറിയുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ്. 

വര്‍ഷങ്ങളായി വിനോദ സഞ്ചാരികളെ കാഴ്ച കാണിക്കാന്‍ കൊണ്ടുപോകുന്നത് പ്രദേശവാസികളുടെ ഉടമസ്ഥതയിലുള്ള ജീപ്പുകളിലാണ്. കാട്ടിലെ സഞ്ചാരത്തിന് പ്രത്യേകം രൂപപ്പെടുത്തിയ 30തിനടുത്ത ജീപ്പുകളാണ് മുത്തങ്ങയിലുള്ളത്. ഒപ്പം വിദ​ഗ്ധരായ ഡ്രൈവര്‍മാരും വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നു. ഇത്രയും കാലത്തെ ജോലിക്കിടയില്‍ വനംവകുപ്പിനോ മറ്റോ ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

എന്നാല്‍ അജ്ഞാതരായ പരാതിക്കാര്‍ക്ക് തങ്ങളുടെ വാഹനങ്ങളില്‍ 'വയനാട് വന്യജീവിസങ്കേതം മുത്തങ്ങ' എന്ന് വെച്ചത് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് മനസിലായിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ ചോദിക്കുന്നു. വന്യജീവിസങ്കേതത്തിന്റെ പേര് ടാക്സിജീപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായാണ് ചിലരുടെ പരാതിയെന്നാണ് ആരോപണം. ആരാണ് ദുരുപയോഗം ചെയ്തത് എന്നോ ആരാണ് പരാതിക്ക് പിന്നിലെന്നോ ഡ്രൈവര്‍മാരോട് വനംവകുപ്പ് ഉദ്യോഗസ്ഥരും സംസാരിച്ചിട്ടില്ല. 

എല്ലാ മര്യാദകളും പാലിച്ചാണ് ജോലി ചെയ്യുന്നതെന്നും ജീപ്പ് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വനംവകുപ്പിന്റെ അനുമതിയോടെയാണ് വാഹനങ്ങളത്രയും കാടിനുള്ളിലേക്ക് സഞ്ചാരികളെയും കൊണ്ട് പോകുന്നത്. ഇത്രയും കാലം പേരുമായി ബന്ധപ്പെട്ട് ഇല്ലാത്ത പരാതിയാണ് അജ്ഞാതര്‍ക്ക് എന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം. അതേ സമയം വാഹനങ്ങളില്‍ വന്യജീവിസങ്കേതത്തിന്റെ പേര് പതിക്കുമ്പോള്‍ ഇത് വനംവകുപ്പിന്റെ വാഹനമാണെന്ന് സഞ്ചാരികളും പൊതുജനങ്ങളും തെറ്റിദ്ധരിക്കുമെന്നാണ് പരാതിക്കാര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുള്ളതെന്നാണ് അറിയുന്നത്.

പേര് മാറ്റണമെന്ന് രണ്ടുവര്‍ഷം മുമ്പ് വയനാട് വന്യജീവിസങ്കേതം മേധാവി നിര്‍ദേശം നല്‍കിയിരുന്നത്രേ. മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ 2020 ജനുവരി ഒമ്പതിനാണ് വന്യജീവിസങ്കേതം മേധാവി നിര്‍ദേശം നല്‍കിയത്. എന്നാല്‍, പിന്നീട് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുകയും ലോക്ഡൗണ്‍ നീളുകയും ചെയ്തു. ഇതോടെ തുടര്‍നടപടികളുണ്ടായില്ല. ഇതാണിപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.  രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ടൂറിസംകേന്ദ്രങ്ങള്‍ സജീവമായതോടെയാണ് ടാക്സി ജീപ്പുകളിലെ പേരിനെച്ചൊല്ലി വിവാദമുയര്‍ന്നിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ