
സുല്‍ത്താന്‍ബത്തേരി: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ വിജയത്തിലെത്തിയ മുമ്പും നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരമൊരു സംഭവം ഇപ്പോള്‍ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നെത്തിയിരിക്കുകയാണ്. മസിനഗുഡി, സിംഗൂര്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ട് കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റാനൊരുങ്ങിയിരിക്കുകയാണ് നീലഗിരി ജില്ലാഭരണകൂടം. റിസോര്‍ട്ടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ആനത്താരകള്‍ കൈയ്യേറിയാണ് അവ നിര്‍മ്മിച്ചിരിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 39 റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റുമെന്ന് ജില്ല കലക്ടര്‍ ലക്ഷ്മി ഭവ്യ തണ്ണീര്‍ അറിയിച്ചു. പരമ്പരാഗത ആനത്താരയുടെ ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കിയിട്ടുള്ളതായും ഇവിടങ്ങളിലെ കെട്ടിടങ്ങള്‍ പൊളിക്കുമെന്നും ജില്ലഭരണകൂടം വ്യക്തമാക്കി. സിംഗൂര്‍ താഴ്വരയിലെ മായാര്‍, സോളുവാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ആനത്താരകളാണെന്നും കൈയേറ്റമുണ്ടെന്നും ചൂണ്ടിക്കാട്ടി 2008-ല്‍ അഭിഭാഷകനായ രാജേന്ദ്രന്‍ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹരജി ഫയല്‍ചെയ്തതോടെയാണ് നിയമപോരാട്ടം തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നീക്കംചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവനുസരിച്ച് സിംഗൂര്‍ താഴ്വരയിലെ ആനത്താരകള്‍ ഉള്‍ക്കൊള്ളിച്ച് 2010-ല്‍ ഒരു ഭൂപടം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവുമുണ്ടായി. ഇതാണ് രാജേന്ദ്രന്റെ വാദങ്ങളെ സാധൂകരിച്ചത്. എന്നാല്‍ നീലഗിരിയിലെ റിസോര്‍ട്ട് ഉടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇതേത്തുടര്‍ന്ന്, 2018 ഓഗസ്റ്റില്‍ സുപ്രീംകോടതി ഉത്തരവുപ്രകാരം ജില്ലാഭരണകൂടം 39 കെട്ടിടങ്ങള്‍ പൂട്ടി സീല്‍ ചെയ്തു.
ഉടമകള്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ 2020 ഒക്ടോബര്‍ 14ന് പുറപ്പെടുവിച്ച കോടതി ഉത്തരവില്‍, വിരമിച്ച മദ്രാസ് ഹൈക്കോടതിജഡ്ജി വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ആനത്താരയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. 2024-ല്‍ ഈ ജ്യുഡീഷല്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സീല്‍ചെയ്ത ഹോട്ടലുകള്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.