
കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം തട്ടിപ്പിന് ശ്രമമെന്ന് പരാതി. കളക്ടർ ഡി ആർ മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ആവശ്യപ്പെട്ടതായാണ് പരാതി. വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടർ നേരിട്ട് തന്നെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള നമ്പർ എന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. അതിനിടെ വ്യാജന്മാരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് കുറിപ്പുമായി കളക്ടർ ഡി ആർ മേഘശ്രീയും രംഗത്തെത്തിയിട്ടുണ്ട്.
കളക്ടർ ഡി ആർ മേഘശ്രീയുടെ ഫേസ്ബുക്ക് കുറിപ്പ്
വ്യാജന്മാരെ സൂക്ഷിക്കണേ!
എന്റെ പ്രൊഫൈൽ ഫോട്ടോ ഡി പി ആക്കിയ ഒരു വ്യാജ വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക. സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷിച്ച് കർശ്ശന നടപടി കൈക്കൊള്ളും. വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്. നിങ്ങൾ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാൽ, ഉടനെ സൈബർ പൊലീസിൽ പരാതി നൽകുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കോട്ടയത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ പൊലീസ് ലൈവായി രക്ഷപ്പെടുത്തി എന്നതാണ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്. കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്. 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കി. അറസ്റ്റ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്. ചങ്ങനാശ്ശേരി പൊലീസിന്റെ അന്വേഷണത്തോട് ആദ്യഘട്ടത്തിൽ ഡോക്ടർ സഹകരിച്ചില്ല. ഡോക്ടറിൽ നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പൊലീസ് തുടങ്ങി.