
ഇടുക്കി: മഞ്ഞും തണുപ്പും നിറഞ്ഞു നിന്നിരുന്ന ഇടുക്കിയിലും ചൂട് കൂടിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഏലം കർഷകർ. 30 ശതമാനം സ്ഥലത്ത് ഉണക്ക് ബാധിച്ചു കഴിഞ്ഞു. നനച്ചും പച്ച നെറ്റുകൾ വലിച്ചു കെട്ടി തണലുണ്ടാക്കിയും ഏലച്ചെടികൾ സംരക്ഷിക്കാൻ പാടുപെടുകയാണ് കർഷകർ.
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലൊക്കെ കത്തുന്ന വെയിൽ നേരിട്ടു പതിക്കുന്നിടത്തെ ഏലമൊക്കെ ഉണങ്ങാൻ തുടങ്ങി. തണലില്ലാത്ത ഭാഗത്തൊക്കെ ഏലച്ചെടികൾക്ക് മുകളിൽ പച്ച നെറ്റ് വലിച്ചു കെട്ടി തണലുണ്ടാക്കിയിരിക്കുന്നു. ഉടുമ്പൻ ചോല, കല്ലുപാലം, ഇടുക്കി തോപ്രാംകുടി തുടങ്ങിയ സ്ഥലങ്ങളിലെ 30 ശതമാനത്തോളം ഏലച്ചെടികൾ കരിഞ്ഞുണങ്ങിത്തുടങ്ങി. ഇനത്തിനനുസരിച്ച് 20 മുതൽ 40 ലിറ്റർ വെള്ള വരെ ഓരോ ചെടിക്കും ആഴ്ചയിൽ വേണം. ഇത് കുറഞ്ഞാൽ ചെടികൾ വാടിത്തുടങ്ങും.
ദിവസേന വെള്ളം നനച്ചാണ് ഭൂരിഭാഗം പേരും ഏലച്ചെടികൾ ഉണങ്ങാതെ കാക്കുന്നത്. വൻകിട തോട്ടങ്ങളിൽ സ്പ്രിംഗ്ളർ സ്ഥാപിച്ചാണ് നനയ്ക്കുന്നത്. മിക്ക ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യേണ്ടി വരുന്നതിനാൽ തോട്ടങ്ങളിലെ കുളങ്ങളും വറ്റാൻ തുടങ്ങി. കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി തളിക്കലും നടത്താനും കഴിയുന്നില്ല. ഇതോടെ ഏല ചെടികൾക്ക് വിവിധ തരത്തിലുള്ള രോഗ കീടബാധയും രൂക്ഷമായിട്ടുണ്ട്. വരും വർഷത്തെ ഉത്പാദനത്തെയും ഇത് സാരമായി ബാധിക്കും.