
തിരുവനന്തപുരം: നഗരത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണമായിരുന്ന വെള്ളക്കടുവ 'മലർ' (17) ഓർമ്മയായി. പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ ചികിത്സയിലായിരുന്ന മലർ വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് ചത്തത്. 2014-ൽ ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നാണ് മലറിനെയും 'ശ്രാവൺ' എന്ന ആൺ വെള്ളക്കടുവയേയും തിരുവനന്തപുരത്ത് എത്തിച്ചത്. അവസാന നാളുകൾ പ്രായാധിക്യം മൂലം അവശതയിലായതിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മലറിനെ സന്ദർശകരുടെ മുന്നിൽ നിന്നും മാറ്റി പ്രത്യേക കൂട്ടിലായിരുന്നു പരിചരിച്ചിരുന്നത്. മികച്ച ചികിത്സ ഉറപ്പാക്കാൻ സ്ക്വീസ് കെയ്ജ് സംവിധാനം വരെ പുതുക്കി പണിതിരുന്നു. ഭക്ഷണം കഴിക്കാൻ പ്രയാസപ്പെട്ട മലറിന് മിൻസ്ഡ് മീറ്റ്, പാൽ, മുട്ട എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഭക്ഷണക്രമമാണ് മൃഗശാല അധികൃതർ നൽകിയിരുന്നത്.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു മലറിന്‍റെ സംസ്കാര ചടങ്ങുകൾ. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് (പാലോട്) ഡോ. ഹരീഷ് സി, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പ്രായാധിക്യം മൂലമുള്ള 'മൾട്ടിപ്പിൾ ഓർഗൻ ഫെയ്‌ലുവർ' (ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടത്) ആണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈകിട്ട് നാല് മണിയോടെ മൃഗശാലാ വളപ്പിൽ തന്നെ ദഹിപ്പിച്ചു. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു.
ബംഗാൾ കടുവകളെ അപേക്ഷിച്ച് വെള്ളക്കടുവകൾക്ക് ആയുസും ആരോഗ്യവും കുറവാണ്. ഇവയുടെ ശരാശരി ആയുസ് 12 വർഷമാണെങ്കിലും കൃത്യമായ പരിചരണം ലഭിച്ചാൽ മൃഗശാലകളിൽ 16-18 വയസ്സ് വരെ ജീവിക്കാറുണ്ട്. വെള്ളക്കടുവകളുടെ നിറവ്യത്യാസത്തിന് കാരണം SLC45A2 എന്ന മാന്ദ്യമുള്ള ജീൻ (റിസസ്സിവ് ജീൻ) ആണ്. മൃഗശാലകളിൽ പ്രജനനം നടത്തുമ്പോഴുണ്ടാകുന്ന ഇൻബ്രീഡിങ് കാരണം ഇവയ്ക്ക് കാഴ്ചശക്തി, എല്ലുകളുടെ ബലം, പ്രതിരോധശേഷി എന്നിവ പൊതുവെ കുറവായിരിക്കും. മലറിന്‍റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിൽ ഇനി ശ്രാവൺ എന്ന വെള്ളക്കടുവയും മൂന്ന് ബംഗാൾ കടുവകളുമാണ് അവശേഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam