
കോട്ടയം: മുഖ്യധാരാ ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് വ്യത്യസ്തമായി സവിശേഷമായ വിശ്വാസ പ്രമാണങ്ങൾ വെച്ചുപുലർത്തുന്ന ഒരു വിഭാഗമാണ് യഹോവയുടെ സാക്ഷികൾ. ഈ വിശ്വാസധാരയെ കുറിച്ച് കൂടുതല്‍ അറിയാം. ക്രിസ്തു യഹൂദമതങ്ങളിൽ, പിതാവായ ദൈവത്തെ സൂചിപ്പിക്കുന്ന 'യഹോവ' എന്ന നാമത്തിന് പ്രാധാന്യം കൊടുക്കുകയും, അവനെ മാത്രം വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിഭാഗമാണ് 'യഹോവയുടെ സാക്ഷികൾ' എന്നറിയപ്പെടുന്നത്. യേശു ക്രിസ്തുവിൽ വിശ്വസിക്കാതിരിക്കുകയും അതുപോലെ ത്രിത്വം, ആത്മാവിന്റെ അനശ്വരത, നിത്യനരകം എന്നീ മൂന്ന് അടിസ്ഥാന ക്രിസ്തുമത സങ്കല്പങ്ങളെ നിരാകരിക്കുകയും ചെയ്യുന്നതുകൊണ്ട്, മുഖ്യധാരാ ക്രിസ്തീയ വിശ്വാസികൾ മതബാഹ്യമായ കൾട്ട് ആയാണ് യഹോവയുടെ സാക്ഷികളെ കണക്കാക്കി വരുന്നത്.
ലോക വ്യവസ്ഥിതിയെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് യഹോവ സാക്ഷികളുടെ കേന്ദ്രവിശ്വാസം. ചാൾസ് റ്റെയ്സ് റസ്സൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ 1876-ൽ, സ്ഥാപിച്ച 'ബൈബിൾ സ്റ്റുഡന്റസ്' എന്ന സംഘടനയാണ്, 1931-ൽ 'യഹോവയുടെ സാക്ഷികൾ' എന്ന പേരിൽ ലോകമെമ്പാടും വ്യാപിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാക്ട് സൊസൈറ്റി എന്ന പേരിൽ ന്യൂയോർക്കിൽ സ്ഥാപിക്കപ്പെട്ട എൻജിഒ വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ തുടക്കത്തിൽ ഏകോപിപ്പിക്കപ്പെട്ടിരുന്നത്.
യഹോവാ സാക്ഷികൾ 1905-ലാണ് കേരളത്തിൽ ആദ്യമായി പ്രചാരത്തിനായെത്തിയത്. 1912ൽ തിരുവനന്തപുരത്തെത്തുന്ന ചാൾസ് ടെയ്സ് റസ്സൽ അന്ന് പ്രസംഗിച്ച ഞാറക്കാട് എന്ന സ്ഥലം സ്ഥലം ഇപ്പോൾ 'റസ്സൽപുരം' എന്നാണ് അറിയപ്പെടുന്നത്. അന്നദ്ദേഹം തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമയുടെ ക്ഷണം സ്വീകരിച്ച് വിജെടി ഹാളിൽ പ്രസംഗിച്ചിരുന്നു. മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് നടന്നിരുന്ന ആദ്യകാല പ്രവർത്തനങ്ങൾ ഇന്ന് കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ ആകെ ഇരുപത്തയ്യായിരം യഹോവാ വിശ്വാസികൾ ഉണ്ട്. ഇന്ത്യയിൽ ആകെ ഒന്നര ലക്ഷത്തോളം വിശ്വാസികളുണ്ട് എന്നാണ് കണക്ക്. ലോകമെമ്പാടുമായി ഒരു കോടിക്കടുത്ത് വിശ്വാസികൾ ഉണ്ടെന്നും പറയപ്പെടുന്നു.
വീടുതോറുമുള്ള സാക്ഷീകരണവും, സൈനിക സേവനത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതും, രക്തം സ്വീകരിക്കാത്തതും മറ്റും യഹോവ സാക്ഷികളുടെ പതിവാണ്. അതുപോലെ, യഹോവയെ അല്ലാതെ മറ്റാരെയും വന്ദിക്കാൻ പാടില്ല എന്ന വിശ്വാസ പ്രകാരം, ദേശീയ പതാകയെ വന്ദിക്കുന്നതിനും ദേശീയ ഗാനം ആലപിക്കുന്നതിനും ഈ വിശ്വാസത്തിൽ വിലക്കുണ്ട്.
ഇതിന്റെ പേരിൽ കേരളത്തിൽ 1985 -ൽ, സ്‌കൂളിലെ മൂന്നു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന്, ബിജോ ഇമ്മാനുവേൽ vs സ്റ്റെയ്റ്റ് ഓഫ് കേരള എന്ന പേരിൽ നടന്ന ദീർഘമായ നിയമപോരാട്ടം ഒടുവിൽ സുപ്രീം കോടതി വരെ പോയ ശേഷം, 1986 -ൽ യഹോവ സാക്ഷികൾക്ക് ദേശീയ ഗാനം ആലപിക്കാതിരിക്കാനുള്ള അവകാശം അനുവദിക്കപ്പെട്ടിരുന്നു. വിശ്വാസങ്ങളിലെ ഈ കടുംപിടുത്തങ്ങൾ കാരണം, പല രാജ്യങ്ങളിളും യഹോവാ സാക്ഷികൾക്ക് നേരെ ആക്രമണങ്ങൾ നടക്കുകയും, പലയിടങ്ങളിലും ഇവരുടെ പ്രവർത്തനം നിരോധിക്കപ്പെടുകയും ചെയ്ത ചരിത്രമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam