
മലപ്പുറം: നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം അവസാനിപ്പിച്ച് മതപരമായ പോരാട്ടത്തിനാണ് എൽ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്ന് ബി ജെ പി നേതാവ് എം ടി രമേശ്. വോട്ട് ബാങ്ക് രാഷ്ട്രീയം മുൻനിർത്തിയുള്ള മതപരമായ ചർച്ചകളാണ് മുന്നണികളും സ്ഥാനാർത്ഥികളും നടത്തുന്നത്. മലപ്പുറത്ത് മതം മാത്രമേ പറയാവൂ എന്ന നിലപാടിലേക്ക് എൽ ഡി എഫും യു ഡി എഫും എത്തിയിട്ടുണ്ടോയെന്നും എം ടി രമേശ് ചോദിച്ചു. എന്തുകൊണ്ട് നിലമ്പൂരിന്‍റെ വികസനം ചർച്ചയാകുന്നില്ലെന്ന ചോദ്യവും ബി ജെ പി നേതാവ് ഉന്നയിച്ചു. മതമൗലികവാദികളെയും തീവ്രവാദികളെയും കൂട്ടുപിടിച്ച് മതാത്മക രാഷ്ട്രീയം കൊണ്ടുവരാനാണ് ശ്രമം. പിഡിപിയിൽ വന്ന മാറ്റമെന്താണെന്ന് ചോദിച്ച എം ടി രമേശ്, ആരാണ് പിഡിപിയെ പീഡിപ്പിച്ചതെന്നും ചോദിച്ചു. മദനിക്കെതിരായ കേസ് ഒഴിവായിട്ടുണ്ടോയെന്ന ചോദ്യവും ബി ജെ പി നേതാവ് ഉന്നയിച്ചു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്നാണ് വി ഡി സതീശൻ പറഞ്ഞത്. അങ്ങനെ ഏത് നേതാക്കളാണ് പറഞ്ഞതെന്ന് സതീശൻ വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വി ഡി സതീശനുള്ള നിലപാടാണോ ഹൈക്കമാൻഡിനുള്ളത്. പഹൽഗാം സംഭവത്തെ പോലും ജമാഅത്തെ ഇസ്ലാമി അപലപിച്ചിട്ടില്ല. കേന്ദ്രം ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ച പല മേഖലകളും മലപ്പുറത്താണെന്ന് പറഞ്ഞ എം ടി രമേശ്, മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വെല്ലുവിളിക്കുകയും ചെയ്തു.
നേരത്തെ നിലമ്പൂരില്‍ സി പി എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും സതീശൻ വെല്ലുവിളിച്ചു. വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രിയും സി പി എമ്മും ശ്രമിക്കേണ്ട. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള അതിശക്തമായ എതിര്‍പ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല ഭൂരിപക്ഷത്തില്‍ വിജയിക്കും. ഹിന്ദുമഹാസഭയെയും പി ഡി പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു ഡി എഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ടെന്നും സതീശൻ പറഞ്ഞു. സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ പറഞ്ഞുകൊണ്ട് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് തയാറുണ്ടോയെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? നിലമ്പൂരിലെ ജനങ്ങള്‍ സര്‍ക്കാരിനെ രാഷ്ട്രീയമായി വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നത്. അതിശക്തമായ വെറുപ്പും എതിര്‍പ്പും ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു മനസിലാക്കിയാണ് ഇപ്പോള്‍ പാലസ്തീനുമായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് സി.എ.എയെക്കുറിച്ചും പാലസ്തീനെ കുറിച്ചും പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാലസ്തീനെ കുറിച്ച് മിണ്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഇറക്കുന്ന സ്‌പെഷലാണ് പാലസ്തീന്‍. ഇപ്പോള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പാലസ്തീനുമായി ഇറങ്ങിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് കേന്ദ്രം ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ എടുക്കാന്‍ തുടങ്ങിയത്. ഇസ്രായേല്‍ നിലപാടെടുക്കുന്ന ബി.ജെ.പിയുമായി ബാന്ധവത്തിലുള്ളവരാണ് കേരളത്തിലെ സി.പി.എം. സി.എ.എ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കോടതിയില്‍ കയറിയിറങ്ങി നടക്കുകയാണെന്നും സതീശൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam