
മാന്നാർ: ചെന്നിത്തലയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വീടിന്റെ ഒന്നാം നിലയിൽ തീ പിടിച്ചു ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വീടിനും നാശ നഷ്ടം സംഭവിച്ചു. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഷൈൻ ഭവനത്തിൽ സി.ജെ മാത്യുവിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്.
ഇന്ന് വെളുപ്പിന് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഒന്നാം നിലയിലെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു. മാത്യുവിനെ കൂടാതെ മരുമകൾ ലിനി കൊച്ചുമക്കളായ റയാൻ, റോസൻ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ താഴത്തെ നിലയിലായിരുന്നു. ആയതിനാൽ വലിയ ഒരു ദുരന്തം ഒഴിവായി. ഒന്നാം നിലയിൽ ഉണ്ടായിരുന്ന തടിയിൽ തീർത്ത ഒരു ദിവാൻ കോട്ടും, കസേരകളും പൂർണ്ണമായും കത്തി നശിച്ചു. കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളും തുണികളും കർട്ടൻ ഉൾപ്പെടെയുള്ള സാധനസാമഗ്രികളും അഗ്നിക്ക് ഇരയായി.
ഒന്നാം നിലയിൽ തീ കത്തിയതിനാൽ ഭിത്തികൾ മുഴുവൻ കരിപുരണ്ട നിലയിലാണ്. ഒന്നാം നിലയിലെ വീടിന്റെ ഭിത്തി ഉൾപ്പെടെ ഇടിമിന്നലിന്റെ ശക്തിയിൽ പൊട്ടി കീറി ഇളകി മാറിയ നിലയിലാണ്. നിലത്ത് ഇട്ടിട്ടുള്ള ടൈൽസ് പൊട്ടി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രിയിൽ ഇടിമിന്നൽ ഉണ്ടായി എന്ന് അറിഞ്ഞിട്ടും മുകളിലത്തെ നിലയിൽ നടന്ന സംഭവം വീട്ടുകാർ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റപ്പോൾ വീടിനു പുറത്തേക്ക് തീയുടെ പുക വന്നത് കാരണം ഭിത്തി കറുത്തത് ശ്രദ്ധയിൽപ്പെട്ടപ്പോളാണ് വീട്ടുടമ വീടിന്റെ ഒന്നാം നിലയിലേക്ക് കയറി നോക്കിയത് അപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്.
ഉടൻതന്നെ പഞ്ചായത്ത് വാർഡ് മെമ്പറെയും പോലീസിലും വിവരമറിയിച്ചു. പോലീസും ഗ്രാമപഞ്ചായത്ത് അംഗം ജി ജയദേവും സ്ഥലത്തെത്തി. പ്രകൃതി ദുരന്തത്തിന്റെ പട്ടികയിൽ പെടുത്തി വീടിനുണ്ടായ നാശനഷ്ടങ്ങൾക്ക് വേണ്ട നഷ്ടപരിഹാരം നൽകാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കണം എന്ന് ജയദേവ് ആവശ്യപ്പെട്ടു. മാന്നാറിലെ വിവിധ വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് ഉപകരണങ്ങളും ഇടിമിന്നലേറ്റ് നശിച്ചിട്ടുണ്ട്.
Read Also: കൈക്കരുത്തിൽ പൊളിച്ചെഴുതിയത് രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ്; താരമായി മാസ്റ്റർ അജിത് കുമാർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam