
മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലില്‍ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. വീടിന്‍റെ വൈദ്യുതി സംവിധാനമുള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ തകരാറിലായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ഇടിമിന്നലിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോര്‍ഡുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ്, മെയിന്‍ സ്വിച്ച്, ലൈറ്റുകള്‍ തുടങ്ങിയവയും പൂര്‍ണമായി നശിച്ചു. വീടിന്‍റെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി സംവിധാനങ്ങള്‍ ഉപയോഗ ശൂന്യമായ നിലയിലാണ്.
ഇടിമിന്നലിന്‍റെ ആഘാതത്തില്‍ മുകള്‍ നിലയിലെ ഓടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വീടിന്‍റെ ചുമരുകളിലും സീലിങ്ങുകളിലും വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രകമ്പനത്തോടെയുണ്ടായ ഇടിമിന്നലാണ് വീടിന് ഇത്രയധികം നാശനഷ്ടമുണ്ടാക്കിയത്. വീട്ടിലെ വിലപിടിപ്പുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലായി. ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്‍, ഇന്‍വെര്‍ട്ടര്‍, മോട്ടോര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കാണ് പ്രധാനമായും കേടുപാടുകള്‍ സംഭവിച്ചത്. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. രാത്രി സമയത്തുണ്ടായ ശക്തമായ ഇടിമിന്നല്‍ വീട്ടുകാര്‍ക്ക് വലിയ ആശങ്കയ്ക്കിടയാക്കിയെങ്കിലും ആളപായമുണ്ടായില്ല. വീടിന്‍റെ വൈദ്യുതി സംവിധാനവും ഗൃഹോപകരണങ്ങളും വ്യാപകമായി തകരാറിലായതോടെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam