
മൂന്നാർ: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനുമായി മൂന്നാറിൽ ഉള്ളതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ് മൂന്നാറിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും മൂന്നു തവണ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
നെടുമ്പാശ്ശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയെത്തുടർന്നാണ് പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും അറിയിപ്പുനൽകിയത്. കാമുകനായ മുട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനൊപ്പമാണ് യുവതി കടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടത്തിയത്. ടവർ ലൊക്കേഷനിൽ ഇരുവരും മൂന്നാറിലുള്ളതായി കണ്ടെത്തിയതോടെയാണ് എസ് ഐ അജേഷ് കെ ജോണിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മറയൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുള്ള ആളാണ് പൊലീസുകാരൻ. പൊലീസ് എത്തിയെന്ന് മനസിലാക്കിയ ഇയാൾ അവിടുന്നും മുങ്ങിയോ എന്ന സംശയത്തിലാണ് പൊലീസ്.
അതേസമയം പൊലീസിനെ വെട്ടിച്ച് കടന്നുകളയുന്നതിനിടെ ഇന്നലെ രാത്രി പഴയ മൂന്നാർ ഹൈഡൽ പാർക്കിലെത്തിയ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പാർക്കിലെ വിലപിടിപ്പുള്ള കളി ഉപകരണങ്ങൾ ഇടിച്ചു തകർത്തിരുന്നു. പാർക്കിലെ സാമഗ്രികൾ തകർത്തതിന് മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പൊലീസ് കസ്റ്റഡിയിലെടുത്ത മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ അമ്മയോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചു എന്നതാണ്. മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ അമ്മയോട്, കണ്ണൂർ ധർമ്മടം എസ് എച്ച് ഒ കെ വി സ്മിതേഷാണ് മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞ് അപമാനിക്കുകയും തള്ളിയിടുകയും ചെയ്ത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ധർമ്മടം പൊലീസ് സ്റ്റേഷൻ വളപ്പിൽ മഫ്ടിയിൽ എസ് എച് ഒയുടെ അഴിഞ്ഞാട്ടം നടന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് എടക്കാട് നിന്ന് ധർമ്മടം പൊലീസ് പിടിച്ചുകൊണ്ടുപോയ മകനെ തിരക്കിയാണ് രോഗിയായ അമ്മയും സഹോദരിയുമടക്കം സ്റ്റേഷനിലെത്തിയത്. അനിൽകുമാറിനെതിരായ കേസ് എന്താണെന്ന് തിരക്കിയതോടെ എസ് എച്ച് ഒ സ്മിതേഷ് ഇവര്‍ക്കെതിരെ അകാരണമായി തട്ടിക്കയറുകയും ലാത്തി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.