
തിരുവനന്തപുരം: വർക്കലയിൽ വയോധികയുടെ വീട്ടിൽ തുടർച്ചയായി രണ്ട് തവണ അതിക്രമിച്ചു കയറി ആക്രമിക്കുകയും കവർച്ച ചെയ്യാനും യുവാവിന്‍റെ ശ്രമം. വർക്കല വട്ടപ്ലാമൂട് ഹരിജൻ കോളനിക്ക് സമീപം രണ്ടു ദിവസം മുൻപാണ് ഏറ്റവും പുതിയ സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ ഉണ്ണി എന്നു വിളിക്കുന്ന കൃഷ്ണനും അസുഖബാധിതയായ ഭാര്യ രമണിയും, അമ്മയായ ദേവകിയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദേവകിയമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മക്ക് കഴുത്തിന് പരിക്കേറ്റു. അമ്മയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും എത്തിയപ്പോഴേക്കും യുവാവ് ഇറങ്ങി ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയിൽ യുവാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അത് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് യുവാവ് ആദ്യം ദേവകിയമ്മയുടെ മാല കവരാൻ ശ്രമിച്ചത്. രാത്രി ഒമ്പതരയോട് കൂടി ഇതേ യുവാവ് വീട്ടിലെത്തുകയും ദേവകിയമ്മയുടെ വാ പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന മാല അപഹരിക്കാൻ ശ്രമിക്കുകയുണ്ടായി. രംഗം നേരിൽ കണ്ടുവന്ന മരുമകൾ രമണി അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് രമണിയെയും ആക്രമിക്കുകയായിരുന്നു. അന്ന് രമണിക്ക് വീഴ്ചയുടെ ആഘാതത്തിൽ നിലത്തിടിച്ച് പല്ല് നഷ്ടപ്പെട്ടിരുന്നു. രമണിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും യുവാവ് അന്നും ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവ് ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.
വീട്ടുകാർ അയിരൂർ പൊലീസിന് പരാതി നൽകി നാല് ദിവസം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഇതേ സംഭവം വീണ്ടും ആവർത്തിച്ചത്. പൊലീസ് നിത്യേന നടത്തുന്ന പെട്രോളിങ് ഡ്യൂട്ടിക്കിടെ കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് നാമമാത്രമായി കാര്യങ്ങൾ അന്വേഷിച്ചതല്ലാതെ പ്രതിയെ പിടികൂടുന്നതിനുള്ള മേൽ നടപടികൾ കൈക്കൊള്ളുന്നില്ല എന്ന് റസിഡൻസ് അസോസിയേഷൻ ആരോപിക്കുന്നു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ യുവാവ് പരിസരപ്രദേശങ്ങളിൽ വിലസി നടക്കുന്നതായും നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam