
കോഴിക്കോട്: മുക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭാര്യയെ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി അക്രമിച്ചു. മുക്കം നഗരസഭയിലെ ഡിവിഷന്‍ അഞ്ചിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ നൗഫലിന്റെ ഭാര്യ ഷാനിദക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 7.45 ഓടെ തിരുവമ്പാടിയില്‍ ജോലി ചെയ്യുന്ന സ്വകാര്യ ലാബില്‍ വെച്ചാണ് സംഭവം നടന്നത്.
കഴുത്തിന് പരുക്കേറ്റ ഷാനിദയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 'നൗഫലിനോട് മര്യാദക്ക് നില്‍ക്കാന്‍ പറയണം ഇല്ലെങ്കില്‍ വിവരം അറിയും' എന്ന് ആക്രോശിച്ച് കഴുത്തു ഞെരിക്കുകയായിരുന്നെന്നും ബഹളം ഉണ്ടാകാന്‍ ശ്രമിച്ചപ്പോള്‍ അക്രമി ഓടി പോയെന്നുമാണ് പരാതി. ലാബിനുള്ളിലേക്ക് ഒരാള്‍ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നുമാണ് ഷാനിദ പറയുന്നത്.
കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന സമയത്ത് എതിര്‍ പാര്‍ട്ടിയിലെ ചിലരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. അതിന്റെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഇവര്‍ പറയുന്നു. തിരുവമ്പാടി എസ് ഐ നിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam