വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിപരത്തി വന്യമൃഗങ്ങള്‍

By Web TeamFirst Published Feb 16, 2019, 6:05 PM IST
Highlights

മൂന്നുഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടിയിലെ ജനങ്ങള്‍ക്ക് ആനകള്‍ക്കൊപ്പം ഇപ്പോള്‍ പേടിക്കേണ്ടത് ഏത് സമയവും മുന്നിലെത്തുന്ന കടുവകളെ കൂടിയാണ്. 

കല്‍പ്പറ്റ: വയനാട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയിലാണ്. ഗ്രാമങ്ങള്‍ നഗരങ്ങളായി വളര്‍ന്നപ്പോള്‍ വനാതിര്‍ത്തികള്‍ പോലും ജനവാസകേന്ദ്രങ്ങളായി മാറി. മറ്റ് സംസ്ഥാനങ്ങളോട് വനാതിര്‍ത്തി പങ്കിടുന്ന വയനാടിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം വന്യജീവികള്‍ ജനജീവിതത്തെ ഏറെ പ്രശ്നത്തിലാക്കുന്നു. വേനലടുക്കുമ്പോഴാണ് കാട്ടാനകളും കടുവകളും പുലികളും വയനാടന്‍ ഗ്രാമങ്ങളെ ഭീതിയില്‍ നിര്‍ത്തുന്നത്.

ഏറ്റവും ഒടുവില്‍ പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ കൂടി കടുവയെ കണ്ടതോടെ വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയുടെ പിടിയിലമര്‍ന്നു. ഇരുട്ടുന്നതിന് മുമ്പ് വീടണയുക, രാവിലെയാണെങ്കില്‍ വെളിച്ചം വീണ് കഴിഞ്ഞ് മാത്രം പുറത്തിറങ്ങുക എന്നതാണ് മാസങ്ങളായി മരക്കടവ്, പെരിക്കല്ലൂര്‍, ബൈരക്കുപ്പ ഗ്രാമങ്ങളിലെ അവസ്ഥ. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ നിരവധി തവണയാണ് കാടിനോട് ചേര്‍ന്ന പല ഗ്രാമങ്ങളിലും കടുവയിറങ്ങിയത്. 

മൂന്നുഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടിയിലെ ജനങ്ങള്‍ക്ക് ആനകള്‍ക്കൊപ്പം ഇപ്പോള്‍ പേടിക്കേണ്ടത് ഏത് സമയവും മുന്നിലെത്തുന്ന കടുവകളെ കൂടിയാണ്. മരക്കടവില്‍ പശുവിനെ കൊന്ന കടുവയെ പ്രദേശത്തെ തോട്ടത്തില്‍ നിന്ന് തുരത്താന്‍ ഒരാഴ്ചയോളമാണ് വനംവകുപ്പും നാട്ടുകാരും ശ്രമിച്ചത്. കഴിഞ്ഞ ദിവസം, ഇതുവരെ കടുവഭീതി ഇല്ലാതിരുന്ന പെരിക്കല്ലൂരില്‍ കടുവയിറങ്ങിയതോടെയാണ് ജനങ്ങള്‍ തീര്‍ത്തും പരിഭ്രാന്തരായിരിക്കുന്നത്. 

മരക്കടവിലിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതുവരെ ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കബനിപുഴ കടന്ന് തിരികെ കര്‍ണാടക വനത്തിലേക്ക് തന്നെ കടുവ പോയെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍, കഴിഞ്ഞ ദിവസം പെരിക്കല്ലൂരിലെ തോട്ടത്തില്‍ കടുവയുള്ളതായി സ്ഥിരീകരിച്ചു. ഇതോടെ മരക്കടവിലിറങ്ങിയ കടുവ തിരികെ പോയിട്ടില്ലെന്ന് വ്യക്തമായതായി നാട്ടുകാര്‍ പറഞ്ഞു. 

കബനിയുടെ മറുതീരമായ ബൈരക്കുപ്പയിലും മച്ചൂരിലും രണ്ടുപേരെ വകവരുത്തിയതെന്ന നിഗമനത്തില്‍ ഒരു കടുവയെ കഴിഞ്ഞ മാസം കര്‍ണാടക വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. എന്നാല്‍ മച്ചൂരില്‍ മറ്റൊരു കടുവ കൂടി ഉള്ളതായി ഗ്രാമവാസികള്‍ പറയുന്നു. നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞാല്‍ മാത്രമേ ഈ കടുവ തന്നെയാണോ പുഴ കടന്ന് മരക്കടവിലും പെരിക്കല്ലൂരിലുമെത്തിയതെന്ന് പറയാനാവൂ. ദിവസങ്ങള്‍ക്ക് മുമ്പ് കബനിഗിരിയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇത് പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

click me!