
സുല്‍ത്താന്‍ബത്തേരി: ''ബാങ്ക് വായ്പ ഇനി എങ്ങനെ തിരിച്ചടക്കുമെന്ന് അറിയില്ല. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും കടമുള്ളവരുണ്ട്. മാസങ്ങളുടെ അധ്വാനമാണ് ഒറ്റരാത്രി കൊണ്ട് ചവിട്ടിമെതിച്ചിരിക്കുന്നത്''. കര്‍ഷകനായ സുജിത്ത് വിതുമ്പലോടെ പറഞ്ഞതാമിത്. വയനാട്ടിലെ വയലുകളും കൃഷിയിടങ്ങളും വന്യമൃഗങ്ങള്‍ കൈയ്യടക്കിയതോടെ കര്‍ഷകര്‍ നേരിടുന്ന ദുരവസ്ഥയാണ് സുജിത്തിന്‍റെ വാക്കുകളില്‍. വേനലായതോടെ വയനാട്ടിലെ വയലേലകള്‍ അക്ഷരാര്‍ഥത്തില്‍ വന്യമൃഗങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. വിളവെടുപ്പിനായി ഇട്ടിരിക്കുന്ന പാടങ്ങളില്‍ ആനയും കാട്ടുപന്നികളും മാനുകളുമാണ് രാത്രികളിലെത്തുന്നത്.
പുല്‍പ്പള്ളി പാളക്കൊല്ലിയില്‍ കഴിഞ്ഞദിവസങ്ങളില്‍ കാട്ടുപന്നി വ്യാപകമായി നെല്‍ക്കൃഷി നശിപ്പിച്ചു. യുവ കര്‍ഷകനായ ഉദയക്കര സുജിത് ദാസിന്റെ ഒരേക്കര്‍ പാടത്തെ ഗന്ധകശാല കൃഷിയാണ് പന്നിക്കൂട്ടം കഴിഞ്ഞദിവസം നശിപ്പിച്ചത്. 30-ഓളം കാട്ടുപന്നികളടങ്ങുന്ന കൂട്ടമാണ് സമീപത്തെ വനത്തില്‍നിന്ന് എത്തി ഇദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ ചവിട്ടിമെതിച്ച് പോയത്. വനംവകുപ്പ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നതാണ് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
യുവകര്‍ഷകനായ സുജിത് ദാസ് കടംവാങ്ങിയും മറ്റുമാണ് പാടത്ത് കൃഷിയിറക്കിയത്. കാട്ടാന കൃഷി നശിപ്പിക്കാതിരിക്കാന്‍ മിക്കദിവസങ്ങളിലും ഉറക്കമില്ലാതെ കാവിലിരുന്നാണ് കൊയ്ത്തിന് പാകമാക്കിയത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും ഒറ്റ രാത്രികൊണ്ട് കാട്ടുപന്നിക്കൂട്ടം തകിടംമറിച്ചു. ആനയും കൃഷി നശിപ്പിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. എങ്കിലും താത്പര്യം കൊണ്ട് മാത്രമാണ് ഇത്തവണയും കൃഷിയിറക്കിയത്. എന്നാല്‍ ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണ് ഇദ്ദേഹം.
കാട്ടുമൃഗങ്ങള്‍ നശിപ്പിച്ച നെല്‍പ്പാടം സന്ദര്‍ശിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടിരുന്നു സുജിത്ത്. എന്നാല്‍ മോശമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സുജിത് പറഞ്ഞു. ചെതലയം റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കുറിച്ചിപ്പറ്റയിലും കഴിഞ്ഞദിവസങ്ങളില്‍ നെല്‍ക്കൃഷി കാട്ടാനയും പന്നിയുമിറങ്ങി നശിപ്പിച്ചിരുന്നു. മൈലാടി സുശീല, പ്രവീണ്‍ എന്നിവരുടെ അഞ്ചേക്കറോളം പാടത്തെ കൃഷിയാണ് ആന ചവിട്ടിമെതിച്ചത്.
വനാതിര്‍ത്തിയില്‍ വൈദ്യുതവേലിയുണ്ടെങ്കിലും ഇതെല്ലാം നിഷ്പ്രയാസം മറികടന്നാണ് ആനകളെത്തുന്നത്. വയനാട് ജില്ലയുടെ ഏകദേശം എല്ലാ ഭാഗത്തും പന്നി ശല്യം അതിരൂക്ഷമാണ്. പ്രധാന റോഡുകളിലും നഗരങ്ങളിലും വരെ പകല്‍പോലും പന്നിക്കൂട്ടങ്ങള്‍ എത്തുകയാണ്. വലിയ കാപ്പിത്തോട്ടങ്ങളില്‍ തമ്പടിക്കുന്ന കാട്ടാടും മാന്‍കൂട്ടവുമാണ് മറ്റൊരു ഭീഷണി. മുന്‍കാലങ്ങളില്‍ ആനകള്‍ രാത്രിയായിരുന്നു ജനവാസ പ്രദേശങ്ങളിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഏത് സമയത്തും ആനഭീതിയിലാണെന്ന് ജനങ്ങള്‍ പ്രതികരിക്കുന്നു.
Read More : വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; നടുറോഡിലൂടെ നടന്ന് പോകുന്ന ദൃശ്യം സിസിടിവിയില്‍, ഭീതിയോടെ നാട്ടുകാര്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam