
കോട്ടയം: മുണ്ടക്കയം കോരുത്തോട്ടിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരുക്ക്. കിണറ്റിൽ വീണ പന്നിയെ കരയ്ക്ക് കയറ്റുന്നതിനിടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ പന്നി ആക്രമിച്ചത്. പനക്കച്ചിറയിൽ ആയിരുന്നു സംഭവം. സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ ആണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ് പന്നിയെ കരക്ക് കയറ്റാൻ സഹായം തേടിയതിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയത്.
ഫയർഫോഴ്സ് സംഘം പന്നിയെ കരക്ക് എടുക്കുന്നതിനിടെ ആയിരുന്നു ഇത് ആക്രമിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിൻസ് രാജനാണ് പരിക്കേറ്റത്. ബി രാഹുൽ, കെ എസ് ഷാരോൺ എന്നിവർക്കും നിസ്സാരമായി പരിക്കേറ്റു. പന്നിയെ നെറ്റിനുള്ളിലാക്കി കരക്ക് കയറ്റുന്നതിനിടെ പുറത്തേക്ക് ചാടുകയും വിൻസ്‌രാജിന്‍റെ കാലിന്‍റെ മടക്കുഭാഗത്തു തേറ്റ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഇയാളെ പിന്നീട് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്‍റെ വീഡിയോ കാണാം
അതേസമയം കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ചാരുംമൂട് കാട്ടു പന്നിയുടെ ആക്രമണത്തിൽ 5 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു എന്നതാണ്. നൂറനാട് പാലമേൽ ഉളവുക്കാട് കലതികുറ്റിയിൽ താഴേപ്പുര സുജാത (54), വാലുതുണ്ടിൽ പടീറ്റതിൽ ലീല (55), അജി ഭവനം അമ്പിളി (48), വല്ലത്ത് കിഴക്കതിൽ സുകുമാരി ( 62 ), ഗീതു ഭവനം ബിജി (51) എന്നിവർക്കാണ് അന്ന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പാലമേൽ പി എച്ച് സി വാർഡിലെ പ്രൊജക്ട് മീറ്റിങ് നടക്കുന്നതിനിടയിൽ കലതി കുറ്റി ഭാഗത്തു വെച്ചായിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഗ്രാമ പഞ്ചായത്ത് അംഗം രാജലക്ഷ്മിയുടെ നേതൃത്വത്തിൽ യോഗം നടക്കുന്നതിനിടയിൽ തൊഴിലാളികൾക്കിടയിലേക്ക് കുതിച്ചുവന്ന കാട്ടു പന്നി കൂട്ടത്തിലൊരെണ്ണം സുജാതയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സുജാതക്ക് സമീപമുണ്ടായിരുന്നവരെയും കാട്ടുപന്നി കൂട്ടം ആക്രമിക്കുകയായിരുന്നു.