കാട്ടു പന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പ്രതീകാത്മക ചിത്രം
ചാരുംമൂട്: കാട്ടു പന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. നൂറനാട് പാലമേൽ ഉളവുക്കാട് കലതികുറ്റിയിൽ താഴേപ്പുര സുജാത (54), വാലുതുണ്ടിൽ പടീറ്റതിൽ ലീല (55), അജി ഭവനം അമ്പിളി (48), വല്ലത്ത് കിഴക്കതിൽ സുകുമാരി ( 62 ), ഗീതു ഭവനം ബിജി (51) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലമേൽ പി എച്ച് സി വാർഡിലെ പ്രൊജക്ട് മീറ്റിങ് നടക്കുന്നതിനിടയിൽ ഇന്ന് രാവിലെ 9.30 നോടെ കലതി കുറ്റി ഭാഗത്തു വെച്ചായിരുന്നു സംഭവം. ഗ്രാമ പഞ്ചായത്ത് അംഗം രാജലക്ഷ്മിയുടെ നേതൃത്വത്തിൽ യോഗം നടക്കുന്നതിനിടയിൽ തൊഴിലാളികൾക്കിടയിലേക്ക് കുതിച്ചുവന്ന കാട്ടു പന്നി കൂട്ടത്തിലൊരെണ്ണം സുജാതയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സുജാതക്ക് സമീപമുണ്ടായിരുന്നവരെയും കാട്ടുപന്നി കൂട്ടം ആക്രമിച്ചു.
മറ്റ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് കാട്ടു പന്നികൾ ഓടി പോകുകയായിരുന്നു. നടുവിന് പരിക്കേറ്റ സുജാതയെ ഉളവുക്കാട് പി. എച്ച്. സി യിൽ, തുടർന്ന് മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീലയുടെ മുഖത്തും, മറ്റ് തൊഴിലാളികൾക്ക് കൈകാലുകൾക്കുമാണ് പരിക്കേറ്റത്. ചാരുംമൂട് മേഖലയിൽ പാലമേൽ, നൂറനാട്, താമരക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി കാട്ടുപന്നിശല്യം രൂക്ഷമാണ്. കാട്ടുപന്നികൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
അതേസമയം, ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റിൽ വീണത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ തെന്നി കിണറ്റിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഭീഷണിയായ അരിക്കൊമ്പനെന്ന ഒറ്റയാനെ പിടിച്ചു മാറ്റണമെന്ന റിപ്പോർട്ട് വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചത് കഴിഞ്ഞ ദിവസമാണ്.
