
കാസർകോഡ്: ടൗണിലെ ഹൈപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാട്ടുപന്നി. കാസർകോട് ജില്ലയിലെ കുമ്പള ടൗണിലുള്ള സ്മാർട്ട് ബസാർ ഹൈപ്പർ മാർക്കറ്റിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു കാട്ടു പന്നി ഹൈപ്പർ മാർക്കറ്റിനകത്ത് കയറിയത്. തുടർന്ന് അൽപ സമയം സാധനങ്ങൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ശേഷം കയറിയ വാതിലിലൂടെ തന്നെ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.
ഈ സമയത്ത് ഹൈപ്പർ മാർക്കറ്റിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആളുകൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കാട്ടുപന്നിയുടെ പരാക്രമം കണ്ടുകൊണ്ടിരുന്ന ഒരാൾ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി. കുമ്പളയിലും പരിസര പ്രദേശത്തും കാട്ടുപന്നിയുടെ സാന്നിദ്ധ്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതിനിടെ രാത്രി കാട്ടുപന്നി ഇടിച്ച് പരിക്കേൽക്കുന്നതു പോലുള്ള സംഭവങ്ങളും കുമ്പളയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam