
ചാരുംമൂട്: മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം കർഷകർക്ക് കടുത്ത ഭീഷണിയാകുന്നു. ലക്ഷക്കണക്കിന് രൂപയുടെ കരകൃഷിയാണ് കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. നാൾക്കുനാൾ കാട്ടുപന്നികളുടെ എണ്ണം വർധിച്ചു വരുന്നതായാണ് കർഷകർ പറയുന്നത്.
പകൽ കുറ്റിക്കാടുകളിലും കനാലുകളിലും താമസമില്ലാത്ത പുരയിടങ്ങളിലും കഴിച്ചുകൂട്ടുന്ന ഇവ രാത്രികാലങ്ങളിലാണ് ജനവാസ മേഖലകളിൽ വിഹരിക്കുന്നത്. അർധരാത്രി മുതൽ പുലർച്ചെ വരെ റോഡുകളിലിറങ്ങുന്ന ഇവ കാൽനട യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളെ ഭയന്ന് കർഷകർ കൃഷിയിൽ നിന്ന് പിന്മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര, വള്ളികുന്നം പഞ്ചായത്തുകളിലാണ് കാട്ടുപന്നി ശല്യം അതിരൂക്ഷമായിട്ടുള്ളത്. ശല്യം കാരണം മേഖലയിലാകെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. പ്രദേശത്തെ കനാലുകളിലും പൊട്ടക്കിണറുകളിലും കാട്ടുപന്നികൾ ചത്തുവീഴുന്നതും പതിവാണ്. ശല്യക്കാരായ പന്നികളെ വെടിവെച്ച് കൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഷൂട്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന ഭൂമി വൃത്തിയാക്കി സോളാർ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കർഷകരുടെ സുരക്ഷയും കാർഷിക മേഖലയുടെ സംരക്ഷണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഏകോപിത പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam